Wednesday, October 21, 2015

പെരുക്കങ്ങള്‍

മഴത്തുള്ളിയുടെ വില്പനശാലപോലെ
മുഴുവൻ ചാറ്റലും ഒരേ അകലത്തിൽ തൂക്കിയിട്ടു
എറാലിയിലെ ഓലത്തുമ്പുകൾ

ചളികുത്തിയ ചെമ്മണ്ണുവഴിയിൽ
ഇരുട്ടു വിതയ്ക്കാനിറങ്ങുന്നു
മുളങ്കൂട്ടങ്ങൾ


അന്തിയോളം ചത്തുപണിത കണ്ണുകളിപ്പോഴും
മൈതാനവിളക്കിനും
പ്ലാസ്റ്റിക് കൂരയ്ക്കുമിടയിൽ
അരിക്കല്ലു പെറുക്കുകയാണ്‌

മാനത്തിൻ വക്കത്ത്‌,
പകലിൻ നെഞ്ചുകീറിയ ചോരതൊട്ട്‌
ചുണ്ടുചുവപ്പിച്ച്‌
നിലാവിൻ മുന്താണിത്തലപ്പ്‌ എടുത്തുകുത്തി
നിഴൽമറഞ്ഞ്‌ പുഞ്ചിരിയ്ക്കുന്നു
നീലരാത്രി


എന്നത്തേയുംപോലെ
തിണ്ണപ്പുറത്തെ ചിമ്മിണിച്ചോട്ടിൽ
പാറ്റയിൽ നിന്നും പുഴുവിലേയ്ക്കുള്ള ദൂരം
അളന്നെഴുതിയ വരികൾ
ഉറുമ്പുകളാകുന്നു







Monday, September 21, 2015

പൊളിച്ചുമാറ്റം



എണ്ണമില്ലാത്ത മഴക്കാലങ്ങൾ 
പൂപ്പലെഴുതിയ ഓടുകൾ 
മൂലകളിലൊളിച്ചു പാർത്ത അണ്ണാൻകൂടുകൾക്കൊപ്പം 
നിലമിറങ്ങി വന്നു 

‘ഇരുമ്പുകൈ മായാവി’യും, 
മാൻഡ്രേക്കും അപ്പുണ്ണിയും, 
കൊത്താങ്കല്ലാടിയ തിണ്ണയും, 
മുറ്റത്തേയ്ക്ക്‌ കാൽനീട്ടി 
ചൂലുഴിഞ്ഞ ഉമ്മറപ്പടിയും 
ഇരുന്നയിരുപ്പിൽ മണ്ണായിപ്പോയി 

മച്ചിലടച്ചിട്ട പലഹാരമണം, 
‘വിവിധഭാരതി’ പാടാൻ 
തിരിഞ്ഞും മറിഞ്ഞുമിരുന്ന റേഡിയോ, 
മാലബൾബു കത്തിയ 
കുഞ്ഞുപൂക്കൂട, 
അലമാരിപ്പുറത്തെ 
തലയാട്ടും കുട്ടിബൊമ്മ 
ഒക്കെ കൂടെപ്പോയി 

താമരയും പീലിയും കൊത്തിയ 
മേൽതട്ടടർത്തുമ്പോൾ, 
അടക്കം ചെയ്തിട്ടിന്നേവരെ നേരിട്ട പോരുകൾ 
അതിസൂക്ഷ്മമായെഴുതിയിട്ട 
കരിങ്ങോട്ടയിലയുടെ എല്ലുരൂപങ്ങൾ, 
മൂടിപ്പോയ പടനിലം പിളർന്നെന്നപോലെ ഉയർന്നു; 
അവയ്ക്കപരിചിതമായ കാറ്റിൽ 
തെന്നിവീണു 

പടിയ്ക്കലേയ്ക്ക്‌ പുരികം ചുളിച്ചിരുന്ന ചാരുകസേര, 
ഒരൊറ്റ അലാറം മുഴക്കത്തിൽ 
തെറിച്ചുപോയ സ്വപ്നം പോലെ 
പുതിയ വീട്ടിലെ പിൻമുറിയിൽ 
ചടഞ്ഞിരിയ്ക്കുന്നു 

Monday, June 15, 2015

സ്വപ്നമെന്നൊന്നല്ല

ഇന്നലെക്കണ്ട സ്വപ്നത്തിൽ നീയില്ലായിരുന്നു
നാളേയ്ക്കെന്ന്‌ എടുത്തു വച്ചതിലും

പകൽദൂരത്തിലേയ്ക്ക്‌
സന്ധ്യ ഒഴുകി നിറയുംനേരം ...
കിഴക്കോട്ടു നീന്തിയ പാട്ടുകൾ
തിരിച്ചു പറക്കുന്നത്‌ കണ്ടതാണ്‌


മധുരമിറ്റാൻ തുടങ്ങും
ഈന്തൽക്കുലകൾക്ക്‌
കാറ്റുപാടും നാവേറ്‌ കേട്ടതാണ്‌

മേഘം കൂട്ടിനെയ്യുന്ന
വിമാനങ്ങളുടെ രാത്രിസഞ്ചാരം കണ്ടതാണ്‌

ഒരേ കൈപ്പാങ്ങിൽ
പലതരം വിത്തുകൾ ഒന്നായ്‌ വീണുമുളച്ചപോലെ
രൂപബന്ധമില്ലാത്ത കെട്ടിടങ്ങൾ
അകത്തും പുറത്തും വെളിച്ചം നിറച്ച്‌
രാവാഘോഷിയ്ക്കുന്നതും കണ്ടതാണ്‌

അതിലൊന്നും നീയില്ലായിരുന്നു

പുലരിയ്ക്കുമുന്നേ
കിളിക്കൂട്ടം പൂക്കാൻ തുടങ്ങുന്ന
പച്ചക്കാടുകളിൽ പെയ്ത്‌
ഇല നനച്ച്‌
ഉടൽ നനച്ച്‌
വടയ്ക്കേപ്പറമ്പിലെ കടവിൽ
കാൽവണ്ണയുരച്ചു നില്ക്കുമായിരുന്ന സ്വപ്നത്തിന്‌
നീയെന്നോ നിന്നിലേയ്ക്കെന്നോ പറയുന്ന
വഴികളറിയില്ലായിരുന്നു

നിലാവു വറ്റിയ മണൽക്കുന്നുകളിൽ നിന്ന്‌
വെയിലോളം വീണുപരന്ന
പുഞ്ചപ്പാടത്തേയ്ക്കും തിരിച്ചുമുള്ള
നിത്യസഞ്ചാരമാണ്‌,
ഇന്നലെയും ഇന്നും വിരിഞ്ഞുകൊഴിഞ്ഞതൊക്കെയും
നാളെ പുലരുന്നതും
നിന്നിലേയ്ക്കാണെന്ന
നക്ഷത്ര സൂചിക
കാണിച്ചു തന്നത്‌

Tuesday, March 10, 2015

ദുരാക്ഷരങ്ങൾ

നാട്ടുചില്ല നിറയെ 
ഉടൽ അടർന്നാലും കടിവിടാത്ത 
പുളിയുറുമ്പുകളാണ്‌ 

നിരത്തിൽ 
കവലയിൽ 
പണിയിടങ്ങളിൽ 
ചുമരെഴുത്തിൽ 
അടുക്കളയിൽ, കിടപ്പുമുറിയിൽ, 

കൂടെന്ന ഭാവത്തിൽ 
അവരൊട്ടിയൊട്ടിച്ചുവച്ച ഇലകളെപ്പോലെ, 

കയ്യനക്കത്തിനും 
ശ്വാസമെടുപ്പിനും 
ചോറുരുട്ടലിനും 
ഉറങ്ങിക്കിടപ്പിനും 
മുൻവിധിയുടെ കയറുകോർത്തൊട്ടിച്ച 
അടിക്കുറിപ്പുകളാണ്‌ 

സമരകാലാടിസ്ഥാനത്തിൽ 
‘അരുതെ’ന്ന കിടങ്ങു ചാടുന്ന കുതിപ്പുകളെ 
ഞെട്ടൊടിച്ചു നിർത്തും 
പഴുത്തു മഞ്ഞച്ച വായനാക്കണ്ണുകൾ 

വക്കിൽ ചോരപൊടിഞ്ഞ വാക്കും 
മണ്ണുപുതഞ്ഞിട്ടും ഇമയടയാത്ത നോട്ടവും 
താളുതോറും 
മാന്തി മാന്തിത്തിണർക്കുമ്പോൾ 

നെഞ്ചു കുഴിഞ്ഞ നാടിനും 
തലയൊടിഞ്ഞ കാടിനും ഇട്ട 
പഴകിപ്പൊടിഞ്ഞ കുറിപ്പടികൾ തന്നെ 
അവയിലുമൊട്ടിച്ചുവയ്ക്കും 

ജീവിതത്തിന്റെ അതിർത്തി നാടുകൾ 
സഹനത്തിന്റേതും 
അതിനുമപ്പുറം മരവിപ്പിന്റേതുമെന്നാകാം 
ഈച്ച കറുപ്പിച്ച ചുകപ്പിൽ 
ഒരാൾത്തലയോളം വലിപ്പമുള്ള 
അനേകമക്ഷരങ്ങളിട്ട കുറിപ്പുകളെ 
വായിയ്ക്കേണ്ടത്‌