Tuesday, January 14, 2014

മറുപിറവി


കൈവരിയില്ലാത്ത
കവിതയിലൂടെ നടക്കുമ്പോഴാണ്
എന്നെ കാണാതായത്‌

ആഴത്തിനും പരപ്പിനും
വേറെ വേറെ അളവുകളില്ലാത്ത
മഞ്ഞിൻ ത്രിമാനവിരിപ്പായിരുന്നു ചുറ്റിലും

താഴെ,
വെൺ‌മുയൽക്കുഞ്ഞുങ്ങൾ
കുത്തിമറിഞ്ഞുകിടക്കുംപോലെ
ചാഞ്ഞും ചെരിഞ്ഞും
മേഘത്തിൻ കുറ്റിക്കാടുകളായിരുന്നു

ഇടത്തുനിന്നും വലത്തോട്ട്‌
ഇഴനീർന്നു കിടന്ന എഴുത്തുനൂലുകൾ
നടത്തത്തിന്റെ ആദ്യപടിയിൽത്തന്നെ
ഇടവിട്ടു കിതച്ചിരുന്നു
അഴിയിട്ടുനെയ്ത വാക്കുകളിൽ
എന്നിട്ടും
പലസ്ഥായിയിലുള്ള കൌതുകം പൂത്തുനിന്നു
ഇടയിലേതോ വരിയിലെ ചില്ലക്ഷരത്തിൽ നിന്ന്‌
ഊർന്നിറങ്ങി വന്ന ശബ്ദമാണ്
എന്നെക്കാണാനില്ലെന്ന്‌ ഉടഞ്ഞുവീണത്‌...

അന്തിമായുന്ന വേലിയ്ക്കലേയ്ക്ക്‌
സൂര്യനൊപ്പമെത്താൻ
ഒരു ചിറകു കറുപ്പും മറുചിറകു വെളുപ്പുമുള്ള
കാഴ്ചയുടെ തൂവലുകൾ
എന്നെ പറത്തിയതാകാം

അസാധ്യമെന്ന്‌ തോന്നും‌വിധം മൂർച്ചപ്പെട്ട
ഭൂമിയുടെ വക്കിൽ നിന്നും
സ്വപ്നം കൈപിടിച്ചെടുത്തതാകാം

ഇരുൾ മാനത്ത്‌
അടക്കംവിട്ട്‌ ചാറിവീണ
ഓരോ വെളിച്ചത്തുള്ളിയിലും
ഓരോ ലോകങ്ങളുയിർക്കുന്നതും
പിന്നെ-
തുന്നലഴിഞ്ഞ ചിന്തയിൽനിന്നും
എഴുതിമുറിച്ച ദൂരങ്ങളില്ലാതെ
കവിത, അനന്തശായിയാവുന്നതും
അതുവരെ കയ്യെത്താതിരുന്ന ആശ്ചര്യചിഹ്നത്തോടൊപ്പം
വെള്ളിപ്പൊട്ടുപോലൊരു നക്ഷത്രം
എന്റെ കണ്ണിൽ വീണു കുതിർന്നതും
കണ്ടത്‌ മറ്റാരുമാകാനിടയില്ല;
ഞാൻ തന്നെയാവണം.

Sunday, January 5, 2014

നിറംപറ്റിയ വാക്കുകൾ



തൃശ്ശൂർ സ്റ്റാന്റിൽനിന്ന്‌
അഴുകിയ മാർക്കറ്റ്‌മണം നീട്ടിത്തുപ്പി
തലവെട്ടിച്ച്‌ ഇടത്തോട്ടിറങ്ങി
സമയമളന്ന്‌ കുതിയ്ക്കുകയാണ്‌ ബസ്സ്‌

മുൻവരിച്ചില്ലിൽ
“ഞാൻ നിന്നോടുകൂടെ”യെന്ന്‌
തിളങ്ങുന്ന ബൾബുമാല
ചായമിളകിയ ദേവരൂപത്തിൽ
പഴകിപ്പതിഞ്ഞ മുൾക്കിരീടം

റോഡ്‌ തട്ടി മുറിഞ്ഞുപോയൊരു തോട്‌
പാലം നൂണ്ടിറങ്ങി
പാടത്തേയ്ക്ക്‌ ചുരുളുന്നു
അവിടവിടെ ആമ്പൽത്തണ്ടുകൾ
വെയിലിനുനേരെ ചിമ്മിത്തുറക്കുന്നു

കാറ്റിലേയ്ക്കിറ്റുന്ന പച്ചപ്പ്‌

പാലയ്ക്കൽപ്പള്ളിയിൽ
പെയ്തു കയറുന്നുണ്ട്‌ ഊട്ടുതിരുന്നാൾമേളം
അമ്മയുടെ സാരിത്തലപ്പുചുറ്റി
പാട്ടുപാടുന്ന ബലൂൺപീപ്പികൾ
ചുണ്ടുചോപ്പൻ മിഠായികൾ
പീലിവച്ച കരിമ്പിൻ കാടുകൾ

പിന്നോട്ടുപായും കാഴ്ചയിൽ
മെഴുക്കുപടർന്ന അലുവപ്പൊതി
മേല്ക്കാമോതിരമിട്ട ഉഴുന്നടക്കോർമ്പ
ഇനിയും പൊട്ടിത്തീരാത്ത ചുവന്ന കുപ്പിവള

വഴിയിലേയ്ക്കാഞ്ഞു നില്ക്കും
ഇലക്‌ട്രിക് പോസ്റ്റിന്റെ ഇരുമ്പുടലിൽ
പണ്ടംപണയത്തിൻ
കൊഴുത്ത അക്ഷരങ്ങൾ
കമ്പിവേലിപ്പരസ്യങ്ങൾ

ബംഗ്ലാവ്‌ സ്റ്റോപ്പിലെ തണൽവിരിപ്പിൽ
വെയിൽ കല്ലെറിയുന്നു
തെരഞ്ഞെടുപ്പുതോരണങ്ങൾ
ആർത്തുചിരിയ്ക്കുന്നു

കരിങ്കണ്ണന്റെ വൈക്കോല്ക്കൈകൾ
വാഴയെ ചേർത്തുപിടിയ്ക്കുന്നു

ഉറക്കെക്കരഞ്ഞുകൊണ്ടൊരാംബുലൻസ്‌
എതിരെ നെഞ്ചടിച്ചു വന്നു

ഇരുട്ടിലേയ്ക്കിഴയുന്ന
ഏതോ അതിവേഗയാത്രക്കാരനാവാം
തീപ്പൊരി വീണേക്കാവുന്ന വെടിക്കെട്ടുപുര പോലെ
കൂട്ടിരിയ്ക്കുന്നവരുണ്ടാകാം

അതിദീനതയോടെ ബസ്സ്‌
അരികൊതുക്കി

യേശുദേവന്റെ നെറ്റിമുറിവിലെ ചോര
വിളർത്തിരിയ്ക്കുന്നു
ആഴക്കടലിൽ നിന്നും രണ്ടു നീലജാലകങ്ങൾ മാത്രം
മങ്ങാതെ ഇമയനക്കാതെ തുറന്നുകിടക്കുന്നു