Monday, December 31, 2012

മഴത്തുള്ളിദൂരം

ഇറ്റുവീണതേ ഉള്ളു
ഇലമെത്തയില്‍
കൈകാലടിച്ച്‌ തുളുമ്പുന്നു

സൂര്യനോളം തിളങ്ങി
കാറ്റില്‍ പിച്ചവയ്ക്കുന്നു

അന്നോളമടിഞ്ഞ പൊടിപ്പരപ്പില്‍
തെന്നിത്തെന്നിയൊരു പുഴ വരയ്ക്കുന്നു

മീനും മീന്‍കണ്ണികളും
നക്ഷത്രത്തെരുവുകളും
ആകാശമൈതാനവും
മേഘത്താഴ്‌വരയും
മാന്തളിരും മധുരക്കനിയും
ഉള്ളുനുരയും തേന്‍നിലാവും
ഉള്ളൊതുക്കിയ ഞാറ്റുപാട്ടും
മുറുക്കിത്തെറിച്ച ചെമ്പന്‍നീരും
വളഞ്ഞും തെളിഞ്ഞുമൊഴുകി
പുഴ നിറയുന്നു

പുഴയിറമ്പിലൂടെ
ഇലദൂരത്തിനുമപ്പുറമെത്തും സ്വപ്നങ്ങളെ
കാണെക്കാണെ കരയെടുക്കും
സങ്കടത്തിട്ടയിലുണക്കാനിടും

ഒട്ടുവറ്റി,
നിറവും നിറഭേദങ്ങളും ചോര്‍ന്ന്‌
ഇലത്തടത്തിലിടറിയിടറി
കാണാക്കാറ്റിന്നൂഞ്ഞാല്‍ത്തുമ്പില്‍ ചിതറും വരെ
വെയില്‍മിനുക്കത്തില്‍ കണ്ണുചുളിയ്ക്കും
നൂലിഴ പലതായ്‌പകുത്തപോല്‍
നേര്‍ത്തൊരു നനവ്‌
------------------------


Sunday, December 9, 2012

ദൂരദേശം തന്ന ചുമരെഴുത്തുകള്‍



മഞ്ഞുകൊണ്ടു തലപ്പു പോയ മലയുടെ
ചുമലിലുമൊക്കത്തും
കൈവിരല്‍ തുമ്പത്തുമുണ്ട്
കുഞ്ഞു മേഘങ്ങള്‍

മലമ്പാതയില്‍,
ചിമ്മിനി വെട്ടത്തില്‍
ചിറകുകരിഞ്ഞ ഈയലുകളെപ്പോലെ
അന്തിച്ചോപ്പ് മുങ്ങി
ഇഴയുന്ന വാഹനങ്ങള്‍


ചോരപൂത്ത ശോകമരങ്ങള്‍ക്കിടയിലൂടെ
ഇരുട്ട് നടക്കാനിറങ്ങവെ,
തെരുവിന്റെ വാതിലുകള്‍
നിലവിളികളെ നിശബ്ദരാക്കി
അകത്തേയ്ക്ക് വലിക്കുന്നു

വരണ്ട തൊണ്ടയില്‍ നിന്ന്
താരാട്ടുപാട്ടിനെ ഒളിച്ചു കടത്തേണ്ടത്
ഏത് ദേശത്തേക്കാണെന്ന്
വെടിയുണ്ട തിന്ന ചുവരുകള്‍
ആകാശം നോക്കുന്നു

മെല്ലെ മെല്ലെ
മലഞ്ചെരിവുകളെ മുഴുവനായും
വെള്ളമൂടുകയാണ് മഞ്ഞ്

കട്ടപിടിച്ച കാറ്റ് നിശ്ചലരാക്കിയ
മേഘക്കുഞ്ഞുങ്ങള്‍ക്കുമേല്‍
ചുറ്റുവഴികള്‍ ചിതറിയ വെളിച്ചം
ഉറുമ്പുവരികളാകുന്നു
.......................................................