Monday, December 31, 2012

മഴത്തുള്ളിദൂരം

ഇറ്റുവീണതേ ഉള്ളു
ഇലമെത്തയില്‍
കൈകാലടിച്ച്‌ തുളുമ്പുന്നു

സൂര്യനോളം തിളങ്ങി
കാറ്റില്‍ പിച്ചവയ്ക്കുന്നു

അന്നോളമടിഞ്ഞ പൊടിപ്പരപ്പില്‍
തെന്നിത്തെന്നിയൊരു പുഴ വരയ്ക്കുന്നു

മീനും മീന്‍കണ്ണികളും
നക്ഷത്രത്തെരുവുകളും
ആകാശമൈതാനവും
മേഘത്താഴ്‌വരയും
മാന്തളിരും മധുരക്കനിയും
ഉള്ളുനുരയും തേന്‍നിലാവും
ഉള്ളൊതുക്കിയ ഞാറ്റുപാട്ടും
മുറുക്കിത്തെറിച്ച ചെമ്പന്‍നീരും
വളഞ്ഞും തെളിഞ്ഞുമൊഴുകി
പുഴ നിറയുന്നു

പുഴയിറമ്പിലൂടെ
ഇലദൂരത്തിനുമപ്പുറമെത്തും സ്വപ്നങ്ങളെ
കാണെക്കാണെ കരയെടുക്കും
സങ്കടത്തിട്ടയിലുണക്കാനിടും

ഒട്ടുവറ്റി,
നിറവും നിറഭേദങ്ങളും ചോര്‍ന്ന്‌
ഇലത്തടത്തിലിടറിയിടറി
കാണാക്കാറ്റിന്നൂഞ്ഞാല്‍ത്തുമ്പില്‍ ചിതറും വരെ
വെയില്‍മിനുക്കത്തില്‍ കണ്ണുചുളിയ്ക്കും
നൂലിഴ പലതായ്‌പകുത്തപോല്‍
നേര്‍ത്തൊരു നനവ്‌
------------------------


Sunday, December 9, 2012

ദൂരദേശം തന്ന ചുമരെഴുത്തുകള്‍



മഞ്ഞുകൊണ്ടു തലപ്പു പോയ മലയുടെ
ചുമലിലുമൊക്കത്തും
കൈവിരല്‍ തുമ്പത്തുമുണ്ട്
കുഞ്ഞു മേഘങ്ങള്‍

മലമ്പാതയില്‍,
ചിമ്മിനി വെട്ടത്തില്‍
ചിറകുകരിഞ്ഞ ഈയലുകളെപ്പോലെ
അന്തിച്ചോപ്പ് മുങ്ങി
ഇഴയുന്ന വാഹനങ്ങള്‍


ചോരപൂത്ത ശോകമരങ്ങള്‍ക്കിടയിലൂടെ
ഇരുട്ട് നടക്കാനിറങ്ങവെ,
തെരുവിന്റെ വാതിലുകള്‍
നിലവിളികളെ നിശബ്ദരാക്കി
അകത്തേയ്ക്ക് വലിക്കുന്നു

വരണ്ട തൊണ്ടയില്‍ നിന്ന്
താരാട്ടുപാട്ടിനെ ഒളിച്ചു കടത്തേണ്ടത്
ഏത് ദേശത്തേക്കാണെന്ന്
വെടിയുണ്ട തിന്ന ചുവരുകള്‍
ആകാശം നോക്കുന്നു

മെല്ലെ മെല്ലെ
മലഞ്ചെരിവുകളെ മുഴുവനായും
വെള്ളമൂടുകയാണ് മഞ്ഞ്

കട്ടപിടിച്ച കാറ്റ് നിശ്ചലരാക്കിയ
മേഘക്കുഞ്ഞുങ്ങള്‍ക്കുമേല്‍
ചുറ്റുവഴികള്‍ ചിതറിയ വെളിച്ചം
ഉറുമ്പുവരികളാകുന്നു
.......................................................

Sunday, November 25, 2012

ഇതള്‍ പൊഴിയുമൊരു ശലഭത്തിന്നാത്മഭാഷണം

ശരീരദേശത്തിനുള്‍വഴികള്‍
നുഴഞ്ഞുകയറ്റക്കാരെക്കൊണ്ട്‌
നിറഞ്ഞിരിയ്ക്കുന്നു

ചുമലില്‍നിന്നും തലയിലേയ്ക്ക്‌
ആര്‍ത്തുകയറുകയാണ്‌ ഭ്രാന്തുകള്‍

നെഞ്ചിന്‍ മദ്ധ്യഭൂമിക
ചതുപ്പും ചരലുംകൊണ്ട്‌
അനേകം വന്‍കരകളായി
സൂക്ഷ്മദ്വീപുകളായി
പിരിച്ചെഴുതിയിട്ടിരിയ്ക്കുന്നു

കൈക്കരുത്തിന്റെ കോട്ടയില്‍
കുന്തമുന കയറിയിറങ്ങുന്നു

വിരല്‍മടക്കുകളില്‍,
ഞരമ്പുണങ്ങിയ കൈത്തണ്ടില്‍
കടല്‍ച്ചൊരുക്കേറ്റ ശ്വാസനാളിയില്‍
കരളേയെന്നൊരു കരിമ്പിന്‍തോപ്പില്‍,
തിരിഞ്ഞും വളഞ്ഞുമിഴയുന്ന
അനേകം പ്രാണവഴികളില്‍
വേദന തറച്ച്‌
പ്രതിരോധത്തിന്‍ പടവുകള്‍
കുഴഞ്ഞുവീഴുന്നു

പൂക്കാലം ഒഴിഞ്ഞുപോയ അസ്ഥിയില്‍
ജീവപദമൂന്നി
ഏതുനേരവും തകര്‍ന്നേക്കാവുന്ന
ചില്ലുകൂടാരത്തിലുമ്മവയ്ക്കുന്നു
ഹൃദയഭിത്തിയോടൊട്ടിയ
പഴയൊരു പ്രണയഗാനം
***********************

Thursday, October 11, 2012

സ്വര്‍ഗ്ഗത്തില്‍ നിന്ന്‌ കരകയറിയ നാള്‍മുതല്‍



കാലടിയിലൂടെ നടന്നുപോയ വഴികളെന്നപോലെ
ഒന്നിനോടൊന്ന്‌ കൂട്ടിത്തുന്നിയും
പകുത്ത കൈവഴിയില്‍ കാലഹരണപ്പെട്ടും
പാടവും പറമ്പും പാലവും വളഞ്ഞുപിടിച്ചും
നെടുകെപ്പിളര്‍ത്തിയും
തമ്മില്‍ക്കൊരുത്തുമയഞ്ഞും
നടക്കാതെ പോയ വഴികളുമുണ്ട്‌

ടാറുരുകിയും
ചെമ്മണ്ണ്‌ തെറിപ്പിച്ചും
കാറ്റിളക്കത്തിനൊത്ത്‌ വെയിലെരിച്ചും
നിഴല്‍മരങ്ങള്‍ക്കിടയിലൂടെ നിലാവുനനഞ്ഞും
കെട്ടുപിണഞ്ഞുകിടക്കുന്നു

മഞ്ഞുപാടയ്ക്കപ്പുറമെന്നപോലെ
ഉയര്‍ന്ന പാതകളിന്നും മങ്ങിയ കാഴ്ചയാണ്‌
അടുത്തുള്ള സ്ഥിരവഴികളാവട്ടെ
മുന്നിലൊരു ലക്‌ഷ്യമുണ്ടെന്ന നാട്യത്തില്‍
തിടുക്കം കൂട്ടി കിതയ്ക്കുന്നു

എന്നും ഏറെ നടത്തക്കാരെത്തുന്നത്‌
അപ്പപ്പോള്‍ ചുങ്കപ്പിരിവില്ലാതെ
ഒറ്റത്തീര്‍പ്പില്‍ മുഴുജീവിതം എണ്ണിയെടുത്ത്‌
കൃത്യമായ കൈവരികളില്‍ ചിട്ടപ്പെടുത്തിയ
രണ്ടു ദേശീയപാതകളിലേയ്ക്കാണ്‌

കിടപ്പുമുറിയില്‍ നിന്ന്‌
നാഴികക്കണക്കില്ലാത്ത അടുക്കള വരേയും
അവിടെനിന്ന്‌ തീന്മേശ വരേയും.
.................................................................

Monday, September 17, 2012

നാരായം തിരിച്ചെടുക്കാനാകണേ..


പുലര്‍ച്ചയ്ക്കുണരണേ ചോപ്പന്‍പൂവാ


സൂക്ഷിച്ചുനീന്തണേ താറാക്കുഞ്ഞേ

കപ്പയില കടിയ്ക്കല്ലേ ആട്ടിന്‍കുട്ടീ..

എത്ര പറഞ്ഞിട്ടും ചുറ്റിപ്പിടിയ്ക്കുന്ന

അമരയുടെ കുഞ്ഞുവിരലും വിടുവിച്ച്‌

കൂട്ടുകാരന്‍ യാത്ര പോകുന്നു



കള്ളിമുള്ളിനിടയില്‍

ചോപ്പുതാരകം കണ്ണുചിമ്മുന്നിടം;

കമ്പിമുറുക്കിയ വാദ്യങ്ങളില്‍ കവിത നിറച്ച്‌

സായാഹ്നങ്ങള്‍ സുഗന്ധികളാകുന്നിടം;

ഉടലുചുട്ടൊരു മരുദേശം..

ഈന്തല്‍മധുരം നീട്ടി വിളിയ്ക്കുന്നു

വീണ്ടുമുണ്ണിയെക്കൊണ്ടുപോകാന്‍

പൂതം രാവുതോറും പടിയ്ക്കലെത്തുന്നു



കൈവള കാല്‍ത്തള കിലുക്കത്തില്‍

കാതില്‍ത്തോടയിളക്കത്തില്‍

മുട്ടോളം താഴും മണല്‍മുടിപ്പരപ്പില്‍

നാലും കൂട്ടിയ ചോപ്പില്‍

വെള്ളി കിലുങ്ങുമുടുത്തുകെട്ടില്‍

പൂതം ഉണ്ണിയെക്കൂട്ടുന്നു



വര്‍ഷം പൊഴിഞ്ഞ്‌

ഒഴിവുകാലം പൂക്കുംവരെ

പെറ്റമ്മയെ

ചോരക്കണ്ണീരിനെ

നെയ്‌മണക്കുമുരുളയെ

നിലാത്തെളിമയെ

കണ്ണടച്ചിരുട്ടിലിട്ട്‌



കാട്ടിലെറിഞ്ഞ നാരായം

തിരിച്ചെടുക്കാനാകണേയെന്ന്‌

ഉണ്ണി യാത്രയാവുന്നു..

*************************

Tuesday, August 21, 2012

സ്വപ്നഭ്രംശം

ഏതു സ്വപ്നത്തിലേയ്ക്ക്‌ എന്നതല്ലേ...


കൈതപൂക്കുന്ന കടവ്‌
മഞ്ഞളരച്ച കല്ലോടെ മുങ്ങി
സ്വപ്നമേ അല്ലാതായി

കാലിനും കൈക്കോട്ടിനും
ചളി കഴുകാനൊരു പടവ്‌
വീതം പറഞ്ഞെടുത്തത്‌
പായലെടുക്കുന്നു

കട്ടുറുമ്പിന്‍
കാതില്‍ച്ചോര വീണ കടവില്‍
എന്നത്തേയുംപോലെ
വള്ളിയെടുത്ത്‌
വാളയും കോര്‍ത്ത്‌
കല്യാണംകൂടാനുള്ള തിരക്ക്‌

കറുപ്പിലും വെളുപ്പിലും മടുത്ത
അതേ സംഭാഷണം
അതേ ചിത്രസംയോജനം

കയ്യോ കാലോ
ഒടിച്ചുകുത്തിപ്പോകുന്നേയെന്ന്‌
ചക്കിപ്പശുവിന്റെ
ചോരതെറിച്ചകരച്ചില്‍,
അക്കരെയിക്കരെ അലച്ച്‌
നേര്‍ത്തു നേര്‍ത്ത്‌...

തണുത്തിരുണ്ട ഈ ഒഴുക്കിലൂടെ
സ്വപ്നനിറത്തിന്റെ ഏതു വന്‍കരയിലേയ്ക്കും
മനോധര്‍മ്മംപോലെ
നിങ്ങള്‍ക്ക്‌ സഞ്ചരിയ്ക്കാം;
ഉണരാതിരിയ്ക്കുവോളം.




Tuesday, May 1, 2012

*വെട്ടോരി

വെട്ടിപ്പതിഞ്ഞ കയ്യും കത്തിയുമെഴുതുന്ന
വെട്ടുഭാഷയുടെ ഇറച്ചിക്കടയില്‍,
നെഞ്ചും തുടയും കരളും
ഇഷ്ടക്കാര്‍ പകുത്തെടുത്താല്‍പ്പിന്നെ
ചോരച്ച മാംസപ്പശയിലേയ്ക്ക്‌
അരിച്ചിറങ്ങും ഈച്ചപ്പടയില്‍പ്പെട്ടുപോകും
പേരുപോലും പുളിമറന്ന വെട്ടുമരക്കുറ്റി

വരിക്കപ്ലാവെന്നോ
തേന്മാവെന്നോ
തെക്കേമുറിയിലെ തേക്കെന്നോ
കിഴക്കനതിരിലെ മുരിക്കെന്നോ
കിണറ്റുവക്കിലെ അമ്പഴമെന്നോ
വണ്ടിയുരുട്ടാനൊടിച്ച ശീമക്കൊന്നയെന്നോ
പൂമൂടും ചെമ്പകമെന്നോ പേരില്ലാത്തവന്‍!

ഈര്‍ച്ചപ്പൊടിയിലും,
സങ്കടക്കൈപ്പുള്ള കാഞ്ഞിരമാകാത്തവന്‍

വില്‍ക്കുന്നവനും വാങ്ങുന്നവനുമിടയിലെ
പാകപ്പെടുത്തലുകാരന്‌
തായ്‌വേരോ താവഴിപ്പേരോ വേണ്ട
നാടും നട്ടറിവും വേണ്ട
ആണ്ടും അറുതിയും അറിയേണ്ട
കൊണ്ടറിഞ്ഞാലും മിണ്ടാട്ടവുമില്ല

വന്നുപോകുന്ന ശരീരങ്ങള്‍ക്കൊപ്പം മുറിഞ്ഞിട്ടും
ഉള്ളുപൊളിയാതെ
ഒരു കരച്ചില്‍ച്ചീളുപോലും തെറിപ്പിയ്ക്കാതെ
വികാരമറുത്തുകളഞ്ഞ
വെറും മുഖപ്രതലം മാത്രമാക്കുന്നു
തന്നെത്തന്നെ...
-----------------------------

*വെട്ടോരി - വെട്ടോഹരി - വെട്ടിക്കൂട്ടിയതില്‍ ഒരു പങ്ക്‌

(2012-ഏപ്രില്‍ ലക്കം 'മാതൃകാന്വേഷി'യില്‍ പ്രസിദ്ധീകരിച്ചത്‌.)



Wednesday, April 25, 2012

ജലഭ്രമം

നെല്ലിപ്പടിയോളം വറ്റി
 കല്ലുന്തിയ കിണറില്‍,
പിഞ്ഞിയ കയറും മാടിക്കെട്ടി
ആടിയാടി
തുരുമ്പന്‍പാട്ടകള്‍
വീണ്ടും വീണ്ടും ഇറങ്ങിനോക്കുന്നു

അടിത്തട്ടില്‍ ചില്ലിട്ടുസൂക്ഷിച്ച
ത(ക)ണ്ണീര്‍ജീവിതം കൊത്തിവിഴുങ്ങാന്‍
പൊന്മകള്‍ കൊതിച്ചുണ്ട്‌ നനയ്ക്കുന്നു

മണ്‍ഭിത്തിചാരിയ മാറാലക്കയ്യില്‍,
ദൂരമെയ്തുമുറിച്ചിരുന്ന കിളിത്തൂവലും
ഞരമ്പുതെളിഞ്ഞ പ്ലാവിലയും കുരുങ്ങിയാടുന്നു

വായ്‌വട്ടത്തില്‍ തിളയ്ക്കുമാകാശം,
അതില്‍ ഞെരിപിരികൊള്ളും മഞ്ഞക്കരു

അകംവരണ്ട പടവുകള്‍
നെല്ലിപ്പടിയിലൊരൂഞ്ഞാലു കെട്ടുന്നു
ഉണങ്ങിയ പടികളെണ്ണി
മുകളിലേയ്ക്കാടുന്നു

അയലത്തെ അലക്കുകല്ലിന്‍
തുണിയലച്ച പ്രസംഗം
കാറ്റുകൊണ്ടുപോകുന്നു
********************

Monday, March 12, 2012

മനസ്സ്‌

അഴിച്ചുപണികള്‍ക്കെന്ന്‌
ഊരിവച്ചതില്‍പ്പിന്നെ തൊട്ടിട്ടില്ല

മിനുക്കം കെട്ട പുറംവേലയേക്കാള്‍
വിചിത്രങ്ങളാണ്‌
അകത്തെ നൂല്‍വഴികള്‍;
ശ്വാസമെടുക്കാത്ത വെളിച്ചം
തൂവിപ്പോയ ഇരുട്ട്‌

മുദ്രവച്ച ഓടമ്പല്‍ത്തുരുമ്പിനുള്ളില്‍
പലപല പൂരങ്ങളുടെ
പൊട്ടാപ്പടക്കങ്ങള്‍
തോലുപൊട്ടിയ മേളപ്പഴക്കങ്ങള്‍

അഴിച്ചെടുക്കേണ്ടത്‌
താഴേന്ന്‌ മേലോട്ടോ
മേലേന്ന്‌ താഴോട്ടോ..

ചുറ്റിനില്‍ക്കും
കൊടിത്തൂവക്കാടുവെട്ടാന്‍
ആദ്യചുവട്‌
വലതോ ഇടതോ
വെട്ടുകത്തിയോ
അരിവാളോ
കെട്ടിയെടുക്കാന്‍
കയറോ
നിരത്താല്‍ തൂമ്പയോ...

ആലോചനയുടെ പിരി
മുറുകിമുറുകിത്തെറിയ്ക്കാറായി;
സംശയങ്ങളുടെ തോരാമഴയില്‍
നനഞ്ഞുകുതിര്‍ന്ന്‌,
എറാലിപ്പടിയില്‍
പല്ലിടകുത്തിയിരിപ്പാണ്‌
ഒറ്റത്തോര്‍ത്തും ലാപ്‌ടോപുമായൊരു പൗരന്‍

Wednesday, February 29, 2012

കോഴിയങ്കം

വെയില്‍ ചാഞ്ഞു മയങ്ങുമ്പോള്‍
അപ്പുറത്തെ കെട്ടിടച്ചായ്പ്പില്‍
എരിഞ്ഞുണരുന്ന തീക്കൂട്‌
ഏറെക്കാലമായി കാണുന്നുണ്ടെന്റെ ജനലുകള്‍

കാഴ്ചയുടെ തനിയാവര്‍ത്തനത്തില്‍
ഭയമോ ആകുലതയോ സഹതാപമോ എന്ന്‌
കനംതൂങ്ങും വികാരങ്ങള്‍
തിരിയന്‍കമ്പിയിലെ
പൊള്ളുന്ന കോഴികളില്‍ വീണു;
മേല്‍വരിയില്‍ നിന്ന്‌ താഴേയ്ക്ക്‌ താഴേയ്ക്ക്‌
താവഴികളിലേയ്ക്ക്‌ തീച്ചാലുകീറി

പച്ചിലയും തക്കാളിച്ചുണ്ടും അലങ്കരിച്ച്‌
തീറ്റപ്പണ്ടങ്ങളുണ്ടായ്‌വരുന്നു

തീന്‍മേശ എറിഞ്ഞ
കോഴിത്തുണ്ടുകള്‍ കൊത്തിത്തിന്ന്‌,
കയ്യനക്കത്തിനൊത്ത്‌ കൊക്കി,
കസേരക്കാല്‍ വലംവെയ്ക്കാറുണ്ടൊരങ്കവാലന്‍

ഷവര്‍മക്കടയില്‍ വെളിച്ചമുറങ്ങുംവരെ,
ആര്യവേപ്പിന്‍തടം ചിക്കിയും
അങ്കത്തൂവലൊതുക്കിയുമുലാത്തും മന്നന്‍

വെട്ടുചോര മോന്തും തോമയെ ഓര്‍ത്തു;
ബെല്‍റ്റും വയറും വീര്‍ത്ത
അങ്ങാടിപ്പിരിവുകാരനെയോര്‍ത്തു;
കത്തിമുനകൊണ്ട്‌ താടിചൊറിയും
മറ്റനേകരെയോര്‍ത്തു..

എന്തുകൊണ്ടോ...
പച്ചതിളങ്ങും വെയിലുനോക്കി
ചിറകടിച്ചുകൂവുന്ന
നാടന്‍പൂവനെ ഓര്‍മ്മവന്നില്ല...

****************************
വര്‍ഷങ്ങള്‍ക്കുമുന്‍പ്‌, അബുധാബിയില്‍ ഒരു ഷവര്‍മക്കടയിലെ നിത്യക്കാഴ്ചയായിരുന്ന പൂവന്‍കോഴിയ്ക്ക്‌...

Sunday, February 12, 2012

പനി'നീരൊ'ഴുക്ക്‌

എത്ര വേണ്ടെന്നുവച്ചാലും
തള്ളിപ്പറയാനാവാത്ത ചില ഒഴുക്കുകളുണ്ട്‌
ആശ്വാസധമനിയുടെ വാല്‍വ്‌ തുറക്കുന്നവ

വിരല്‍ച്ചില്ല ഇറുക്കിയിറുക്കിപ്പിടിച്ച മധുരക്കനി
ചളിയിലും മാന്തോപ്പ്‌ കിളിര്‍പ്പിക്കാമെന്ന്‌
വീണുപോകുന്നത്‌

പെറ്റിട്ടുപേക്ഷിച്ചവള്‍
കെടുതിക്കാറ്റിനുശേഷവും
കെട്ടുപോകാത്ത തൈമരത്തെ
കുഞ്ഞേ..യെന്ന്‌ തിരഞ്ഞെത്തുന്നത്‌,

ചിരിച്ച്‌ വെളുപ്പിച്ചോരൊക്കെയും
നിമിഷത്തിന്‍ തികട്ടല്‍ക്കറയില്‍
ഒറ്റനൂല്‍ബന്ധം പൊട്ടി,
കാണാതെയും, കണ്ടാല്‍ മിണ്ടാതെയുമാകുന്നത്‌,

വ്രണം മാന്തിയും കണ്ണുകൂര്‍പ്പിച്ചും
ചുരുണ്ട ദേഹത്തില്‍ നിന്ന്‌
വെളിച്ചമഴിഞ്ഞുപോകുന്നത്‌

കടിച്ചൊതുക്കിയ കടിഞ്ഞാണ്‍
മൂര്‍ച്ചപ്പെട്ട വാക്കില്‍ത്തട്ടി
എതിര്‍നില്‍ക്കുന്നവന്റെ
മുഖത്ത്‌ തെറിക്കുന്നത്‌,

പനിക്കിടക്കയില്‍
തൊണ്ടയില്‍ വഴുതിയിറങ്ങും കഫക്കട്ട
ശ്വാസഗതി തെളിയിച്ചെടുക്കുന്നത്‌

തള്ളിപ്പറയാനാവാത്ത ചില ഒഴുക്കുകള്‍
അതിശയമോ അതിസുഖമോ തരുന്ന
ആശ്വാസവഴികള്‍ തുറന്നു വയ്ക്കുന്നു

Sunday, January 29, 2012

ഉയിര്‍പ്പ്‌

ഓരോ തവണ മരിയ്ക്കുമ്പോഴും കരുതും
ഇനിയും ഉയിര്‍ക്കാനാവില്ലെന്ന്‌

വിരലറ്റം വരെ തളര്‍ന്നുപോയ വരികള്‍,
വര്‍ത്തമാനങ്ങള്‍,
വായനകള്‍,
കണക്കുകള്‍,
രുചിഭേദങ്ങള്‍,
പ്രണയതാളങ്ങള്‍,
ഹൃദയത്തിന്‍ സമയസൂചികള്‍..
സംസ്കരിച്ച്‌ ഉയിര്‍പ്പുണ്ടാകുമെന്ന്‌
ചിന്തിയ്ക്കുന്നതെങ്ങനെ?

പുനര്‍ജ്ജനിയുടെ
സൂത്രവാക്യമെഴുതാന്‍
ഒലീവില തേടും കിളിവാതിലുകളോടെ
കണ്ണില്‍ തൂങ്ങുന്നുണ്ട്‌,
തലമുറ താണ്ടിയ
രക്ഷാപേടകത്തിന്‍ ചുമര്‍ച്ചിത്രം

വെടിയുണ്ട തിന്നു ജീവിയ്ക്കുന്ന
ക്ഷാമകാലത്തില്‍ നിന്നും
മറുകരയിലേയ്ക്ക്‌ എത്തിപ്പിടിയ്ക്കാനായുന്ന
ഊഞ്ഞാലുകള്‍ പോലെയാണ്‌
അതിന്‍ തുഴകളത്രയും

നീണ്ട അള്‍ത്താരയില്‍,
കുരിശിലേറ്റപ്പെട്ടവന്റെ നോട്ടം
ഉരുകിയുരുകി ചരിഞ്ഞുപോയിരിയ്ക്കുന്നു

മെഴുകുതിരിയുടെ
പുരാതനമായ മഞ്ഞ വെളിച്ചത്തില്‍
മഴപ്പാറ്റകള്‍ മാലാഖച്ചിറകുരുക്കുന്നു

സാധ്യതയുടെ നേര്‍രേഖ
തേഞ്ഞുമാഞ്ഞു പോയിരുന്നിട്ടും,
കൊമ്പൊടിഞ്ഞുമരിച്ച
എന്റെ ഊഞ്ഞാലുയര്‍ത്താന്‍

അമ്മേ..എന്ന്‌
മോളേ..എന്ന്‌
എന്റെ പൊന്നേ.. എന്ന്‌

പ്രളയപ്പരപ്പില്‍ നിന്ന്‌
മൃതസഞ്ജീവനിയും കൊത്തി
വെള്ളപ്പിറാവെത്തുമെന്നും,
അടുത്ത നിമിഷം
കുരിശില്‍പ്പോലും
ഒലീവുമരങ്ങള്‍ പൊട്ടിമുളയ്ക്കുമെന്നും
കരുതിയതേ അല്ല
************************

ആനുകാലികകവിതയുടെ വാര്‍ഷികപ്പതിപ്പില്‍..

Sunday, January 8, 2012

അന്നേരം മല്‍സ്യത്തിന്റെ കണ്ണിലേയ്ക്ക്‌ നോക്കിയിട്ടുണ്ടോ..

മനസ്സുമാത്രമനങ്ങുന്ന
പതിഞ്ഞ ഈണത്തില്‍
പ്രണയമെന്നൊരു പുഴ

ഓളവിരിപ്പിലേയ്ക്ക്‌ നീന്തിക്കയറി
ജലമിടിപ്പുകളില്‍
ഉമ്മവെയ്ക്കുന്ന മല്‍സ്യങ്ങള്‍

ഒറ്റനോട്ടത്തില്‍ തെളിയാത്ത
ചിത്രങ്ങളിലൂടെ
ഉടലാകെയൊഴുകുന്ന തോണി

എത്രതവണ ആഴമളന്നാലും
മതിവരില്ല തുഴക്കോലിന്‌!

ഇലയില്‍ നിന്നും ഇലയിലേയ്ക്ക്‌ ഇറ്റുന്ന
നിലാവില്‍ നിന്നൊരു മഞ്ഞുതുള്ളി,
കൂട്ടുവന്ന കാറ്റിനെക്കൂട്ടാതെ
നനഞ്ഞിറങ്ങി
തഴുകിത്തഴുകി മൂര്‍ച്ചമാഞ്ഞ
കല്ലൊതുക്കിലൂടെ മുങ്ങാംകുഴിയിട്ടു

മണല്‍ത്തട്ടിന്‍ ഹൃദയഭിത്തിയില്‍
ദൈവം വാതില്‍ തുറന്നുവച്ചു

----------------------------------