Monday, February 22, 2010

വെളിച്ചത്തിന്റെ അക്ഷരമാല

തലങ്ങും വിലങ്ങും അഴിയിട്ടുമുറിച്ച്‌
ചുമരില്‍ തിങ്ങി നിറഞ്ഞൊരു ജനല്‍

ഒരൊറ്റ നീക്കം കൊണ്ടൊരാകാശമൊതുക്കാന്‍
വലത്തേ മുകള്‍ക്കള്ളിയില്‍
തെന്നിത്തെന്നിയൊരു സ്വപ്നമേഘം

ചടച്ചുണങ്ങിയിട്ടും
നുള്ളു പച്ചപ്പുകോര്‍ത്തൊരു ചില്ല
ഇടത്ത്‌ നടുക്കളത്തില്‍ എത്തിപ്പിടിച്ചിട്ടുണ്ട്‌

മഴവില്ല്‌മായ്ച്ച്‌ പെയ്ത മഴയില്‍
അതിന്‍ നിറത്തുള്ളികളില്ലല്ലോ എന്ന്‌
തരിച്ചു നില്‍ക്കും പുല്‍ത്തുമ്പുകളാണ്‌ താഴെ

കുന്നോളം കൂട്ടിവച്ചതു
മഴയെടുത്തെന്ന്‌,
ദ്രവിച്ചൊരു ശലഭപ്പാതിയും തൂക്കി
ജനല്‍പ്പടിയില്‍ ഉറുമ്പുകള്‍

അഴികള്‍ക്കിപ്പുറം,
പൂഴ്‌ന്നൊരു തേര്‍ച്ചക്രമോ
ഒരുപിടി മണ്ണോ ഇല്ലാതെ,
കളങ്ങളറുപത്തിനാലിനോടും പൊരുതി,
കുഴഞ്ഞുപോയ ചിറകുപേക്ഷിയ്ക്കാന്‍
കൂടുകാണാതെ നിന്നൊരു കരച്ചില്‍,
വീതം വയ്ക്കാത്ത വെളിച്ചം
കണ്ണില്‍ക്കോരി
ജീവിതമെഴുതി വായിയ്ക്കുന്നു.

Thursday, February 4, 2010

ആകാശക്കോട്ടയുടെ ഏറ്റവും താഴേപ്പടിയില്‍

ഞാനെന്നുമേറ്റുവാങ്ങുന്നത്
മനസ്സിന്‍ ആണിത്തുളകളിലൂടെ
നൂല്‍പ്പാകത്തില്‍
ഉരുകിവീണൊരു മേഘം

കണ്ണിന്‍ കരിക്കട്ടയില്‍
അലക്കി വെളുപ്പിച്ച നീര്‍ത്തുള്ളി
അടരാനൊരുങ്ങുമ്പോള്‍
ഒരു വെയിലിഴയാല്‍
വജ്രമണിയെന്നോ, ചില്ലുചീളെന്നോ
വായിയ്ക്കപ്പെടാം

തൊട്ടെടുക്കുന്ന നിന്റെ കൈവിരല്‍
മുറിയാതിരിയ്ക്കണേ എന്ന്‌
ശ്വാസച്ചൂട്‌ ആവര്‍ത്തിച്ച്‌
രാകി മിനുക്കാമെന്നല്ലാതെ,

നെഞ്ചമര്‍ന്ന്‌ വേരോടും
സാന്ത്വനപ്പച്ചയിലേയ്ക്ക്‌
തെളിനീരെന്ന ലാഘവത്തോടെ
എറ്റിത്തെറിപ്പിയ്ക്കുന്ന ജാലവിദ്യ
നിനക്കല്ലേ അറിയൂ..