Monday, January 18, 2010

ഉണര്‍ച്ച രേഖപ്പെടുന്നത്‌

വേലിയേറ്റത്തിന്‍ മദിപ്പില്‍
കരകയറിയെത്തും കടല്‍ജീവന്‍,
വെയിലലിഞ്ഞ നിറങ്ങള്‍ നീന്തുമാഴങ്ങളെ,
കൗതുകം തൊട്ട കടല്‍പ്പച്ചയെ,
ഉള്ളറകള്‍ ഊട്ടിവളര്‍ത്തുന്ന പവിഴപ്പാടങ്ങളെ,
മുത്തുച്ചിപ്പിയുടെ അകക്കണ്‍പ്രണയത്തെ,
മണ്‍തിട്ടയില്‍ അമര്‍ത്തിയമര്‍ത്തിയെഴുതി,
തിരയിട്ട മുഖപടത്തില്‍
പതിനാലാം രാവു തെളിയിയ്ക്കും

ആ നിമിഷം വരെ
അടിഞ്ഞുകൂടിയ പരിഭവക്കറകള്‍
ആലിംഗനശതങ്ങളില്‍
അലിയിച്ചൊഴുക്കിക്കളയും
ഉടലാകെ നക്ഷത്രം വിതറും

ഓളത്തിന്‍ ഉയിര്‍പ്പുകള്‍
വിരല്‍കോര്‍ക്കും പൂഴിയില്‍ നിന്നും
വേലിയിറക്കത്തിന്‍ കിതപ്പ്‌
ഞണ്ടിന്‍ മാളങ്ങളിലൂടെ നിലവറയിലേയ്ക്കൂര്‍ന്നിറങ്ങുമ്പോള്‍
അയഞ്ഞ താളത്തില്‍
ജലരേഖകള്‍ തെറുത്തെടുത്ത്‌
തീരത്ത്‌ നിലാവുണങ്ങും

നനഞ്ഞ ഓര്‍മ്മകളില്‍,
മുഖമടര്‍ന്ന കക്കയും
വക്കുപൊട്ടിയ ശംഖും
കാലദേശങ്ങളുടെ കണക്കുമായി
കുരുങ്ങിക്കിടക്കുകയാകുമപ്പോഴും...

*********************

Wednesday, January 6, 2010

ആത്മവൃക്ഷം

കുന്നിന്‍പുറങ്ങള്‍ക്ക്‌,
ഇലപൂത്ത്‌ നില്‍ക്കും വിതാനത്തിന്‍
ഒറ്റക്കാഴ്ചയാണ്‌ താഴ്‌വാരം

ആഴം തേടിപ്പോയ ചോലകള്‍ക്കറിയാം
തുളസി തൊട്ടു തളിച്ചാല്‍
കീഴാര്‍നെല്ലിയും
കണിക്കൊന്നയും
കൈതയും
ഏഴിലംപാലയും
ഉയിര്‍കൊള്ളുന്ന കോശങ്ങളെ

വള്ളികള്‍ സിരകളായ്‌ പടര്‍ന്ന്‌
ഏണുകളിലൊക്കെയും പൊടിച്ച മരങ്ങളെ,
ഒരു മരമെന്ന്‌ കരുതുമ്പോഴേയ്ക്കും
ഉണര്‍ന്നു വരും കാടിനെ

മേഘമേലാപ്പും ഇലനിരപ്പും ചോര്‍ന്ന്‌
ഈറന്‍മണ്ണില്‍ ജീവന്‍ വരയ്ക്കും
വെയില്‍നൂലുകളില്‍,
വാക്കേ വാക്കേ എന്ന്‌
ചിറകു വിരുത്തും അക്ഷരങ്ങളെ..
അവ കൂടുവയ്ക്കും കവിതയെ..

************************************