Monday, December 21, 2009

എന്തൊക്കെപ്പറഞ്ഞാലും

നേര്‍ക്കാഴ്ച പങ്കിടും നേരം
കണ്ണുകളൊരേ പക്ഷമാണ്‌,
ഒളിച്ചുനോട്ടത്തിലും

കേള്‍വിയിലെ പങ്കുകാര്‍ക്കിടയില്‍
വേര്‍തിരിവുകളുടെ
മുഴുനീള ജീവകാലം
നമ്മള്‍ ആരോപിയ്ക്കുന്നുണ്ട്‌

കേട്ടതും കേള്‍ക്കാനിടയുള്ളതും കേട്ടുകേള്‍വികളും
കൂടിക്കുഴഞ്ഞ വിഷമാവസ്ഥയില്‍,
ചില നേരത്തെങ്കിലും
ഇഷ്ടാനിഷ്ടങ്ങളെ ഇഴകീറി കടത്തിവിടാന്‍ പാകത്തില്‍
അനേകം കടമ്പകള്‍ ഒരുക്കുന്നുണ്ട്‌

അരുതായ്കകളെ
മറുചെവിയിലൂടെ വിട്ടുകളയാമെന്ന
പരിഹാര ചിന്തകള്‍
ഈ ഇല്ലാക്കടമ്പകളിലാണ്‌
പൂത്തുകായ്ച്‌
കേള്‍വിയുടെ കണ്ണടപ്പിയ്ക്കുന്നത്‌

***********************
കലികയില്‍ പ്രസിദ്ധീകരിച്ചത്‌

Tuesday, December 15, 2009

നാക്കെടുക്കാത്ത വാക്കുകള്‍

ഒന്നു കൂക്കിവിളിയ്ക്കാനോ
ഞാനെടാ എന്ന്‌ ചങ്കൂറ്റം കാട്ടാനോ
താന്തോന്നിത്തരമെന്ന്‌ കയ്യോങ്ങാനോ
ആവാതെയിരിപ്പാണ്‌ തൊണ്ടയില്‍

ആണികോറി വരച്ചാലും
പച്ചയെഴുതിയാലും
ബാധിയ്ക്കരുതെന്നും ബാധയാകരുതെന്നും
ഒതുക്കി വയ്ക്കപ്പെട്ടവര്‍

ഇമയനക്കാതെ നില്‍ക്കേണ്ടി വരുന്ന
ശിലാഖ്യാനങ്ങളെപ്പോലെ

ശബ്ദം തൊടാത്തതിനാല്‍
മൂല്യ രേഖകളില്ല

വളര്‍ത്താന്‍ ശേഷിയില്ലെന്നറിഞ്ഞിട്ടും
കൊല്ലാന്‍ കൈവരാത്ത ഈ പിടച്ചിലുകളെ
തടവുചാടിയ്ക്കണം
ചങ്കുപഴുത്ത്‌ മരിയ്ക്കുമ്പോളും
കുറ്റബോധമില്ലാതിരിയ്ക്കാന്‍.