Wednesday, August 19, 2009

ജൈവഗണിതം

വെയില്‍ മങ്ങും ദിവസങ്ങള്‍
പരിഭവക്കറുപ്പ്‌ തേച്ച്‌
ഒന്ന്‌ ചാറിപ്പെയ്താല്‍,

കുന്നിറങ്ങി തോട്‌ തകര്‍ത്ത്‌
പുഴകലക്കിപ്പായും
സ്വാര്‍ത്ഥമനസ്സാണ്‌ കണ്ണുനീരെന്ന്‌
നിഴല്‍പോലുമൊഴുക്കിക്കളയുമെന്ന്‌
വിലങ്ങിടുമായിരുന്നു

കര്‍ക്കിടകമഴയുടെ
തണുത്ത വിരല്‍ പിടിച്ച്‌
ഇതുവരെ കാണാത്ത ഉത്സവത്തിന്‌
മനസ്സു തുള്ളിച്ച്‌ പോകും കുഞ്ഞിനെപ്പോലെ
നീ കണ്മറയുമ്പോള്‍,

സ്നേഹവൃത്തത്തിന്‍,
കണ്ണിയറ്റ ശൂന്യതയിലേയ്ക്ക്‌
പതറുന്ന നിമിഷങ്ങളെന്തു ചെയ്യുമെന്ന്‌
ഉത്തരം തേടുന്നു, ഒരു പെരുമഴ..

കൂട്ടാനും കിഴിയ്ക്കാനും
വേറെ അക്ഷരമെനിയ്ക്കിന്നുമറിയില്ലല്ലോ!

*************************

Saturday, August 15, 2009

എടുത്തുവപ്പുകള്‍ മറിച്ചുനോക്കാനുള്ളതല്ലെന്ന്‌...

മഴത്തണുപ്പ്‌ തലവഴി മൂടി
കൂര്‍ക്കം വലിയ്ക്കുന്ന ഇരുട്ടില്‍,
ഉറക്കം തൂങ്ങും മേശവിളക്കിന്റെ
ഒറ്റക്കണ്‍നോട്ടത്തിലേയ്ക്ക്‌
മൂലകളടര്‍ന്ന ചട്ടപ്പെട്ടിയില്‍ നിന്നും
കരിംപച്ചയില്‍ സ്റ്റാമ്പുകള്‍ തിങ്ങിപ്പാര്‍ത്തിരുന്ന
പുറന്തോടുമായി
ചരിത്രപാഠപുസ്തകം നീങ്ങിയിരുന്നു

രാജ്യാതിര്‍ത്തികള്‍ പലതും മാഞ്ഞ്‌,
അറ്റം ചുളുങ്ങി,
തമ്മിലൊട്ടിയും തെറ്റിത്തെറിച്ചും പേജുകള്‍

അക്ബറിന്റെ തലയും
ഝാന്‍സിറാണിയുടെ പകുതി വാളും
തിന്നുതീര്‍ത്ത്‌
ഇരട്ടവാലന്‍ വെട്ടിത്തെളിച്ച
കപ്പല്‍പാതകള്‍

ഗാന്ധിപ്പടവും മൂവര്‍ണ്ണക്കൊടിയും
മുക്കാലും പൊടിഞ്ഞു

പഴമണവും പൊടിയും പിടിയ്ക്കാതെയാവാം
വെളിച്ചമൊന്നു തുമ്മി

എന്നും അവസാനപേജിലൊതുങ്ങുന്ന
പൗരധര്‍മ്മം തുറന്നപ്പോഴേയ്ക്കും
ആഞ്ഞുവീശിയ വാള്‍ത്തിളക്കം
വിളക്കിന്‍ കണ്ണടപ്പിച്ചു.

ആഗസ്റ്റ്‌ ലക്കം 'കലിക'യില്‍ പ്രസിദ്ധീകരിച്ചത്‌.

Thursday, August 6, 2009

കാവല്‍നില്‍ക്കുന്നവര്‍

തടാകക്കാഴ്ച്ചയിലേയ്ക്കു തുറക്കുന്ന
ഏഴാംനില ഫ്ലാറ്റ്‌
ഈ വിലയ്ക്ക്‌ ഭാഗ്യമെന്ന്‌,
മൂലകളോരോന്നും 'സൂം'ചെയ്ത്‌
അകത്തളം മെനഞ്ഞതിന്‍ കരവിരുത്‌ പറഞ്ഞു,
മൗസും കീബോര്‍ഡും

കൃഷ്ണമണികളും നീര്‍മുത്തും തുന്നിയ
പരവതാനി,
മാഞ്ഞുപോകും സ്വപ്നത്തിന്‍
ചുമര്‍ നിറങ്ങള്‍,
നിഴല്‍ ചിത്രങ്ങള്‍ ഞൊറിയിട്ട
തിരശ്ശീല

പ്രധാനവാതിലിനരികില്‍
ആവനാഴിപോലൊരു പൂപ്പാത്രം

പോളീഷിട്ട ചൂരല്‍ച്ചന്തത്തില്‍,
താഴെയെത്തും മുന്‍പേ കമ്പികോര്‍ത്ത
തെലുങ്കന്റെ വാരിയെല്ല്‌,
ചുകപ്പു പൂക്കളില്‍
സിമന്റുതട്ടിനടിയില്‍പ്പെട്ട
ബംഗാളിയുടെ ചതഞ്ഞ മുഖം,

മോണിറ്ററില്‍ നിന്നും
കണ്ണുകള്‍ വഴുതി വീണു;
കാഴ്ചയൊടിഞ്ഞു.

*****************************

Saturday, August 1, 2009

മായാതെ മാഞ്ഞുപോകുന്നവ

ഒരു മഴക്കോള്
എത്ര തുള്ളിയായ് ഇലയിളക്കി,
ഇതള് പൊഴിച്ചെന്ന്,
ഒരു ചുംബനമെത്ര അലകളുതിര്‍ത്തെന്ന്
കാറ്റിനോ പുഴയ്ക്കോ എണ്ണമുണ്ടാവില്ല

അകന്നുപോയ പാദങ്ങളും
കൂട്ടുപോയ പൂഴിത്തരികളും
വഴിക്കണ്ണുമായി കുന്നിമണികളും
കണക്കിലൊതുങ്ങാത്ത പൂജ്യങ്ങളെഴുതും

തിക്കിത്തിരക്കി കൂടുവിട്ട് പറക്കും
അപ്പൂപ്പന്‍താടിയായി മറവിയെടുക്കും

തിരിച്ചുനീന്താനൊരു കൈത്തോട്
കൈതപ്പൂചൂടി വരാറുണ്ട് സ്വപ്നത്തില്
എണ്ണമില്ലാത്ത ഉപ്പുതിരകള് മുറിച്ച്
തിരക്കിയെത്തുമ്പോഴേയ്ക്കും
പൂമണം വാര്‍ന്ന നിഴല്‍ച്ചിത്രവും
വെയിലെടുത്തിട്ടുണ്ടാവും.

******************
ജൂലായ്‌ ലക്കം 'തുഷാര'ത്തില്‍ പ്രസിദ്ധീകരിച്ചത്‌.