Wednesday, July 30, 2008

കടപ്പുറത്തിന്റെ ചമയങ്ങള്‍

തിരയുടെ വെട്ടിത്തിളങ്ങുന്ന വടിവുകളില്‍
അഴിഞ്ഞുവീഴും നുരയില്‍പ്പുതഞ്ഞ്‌
കളംകൊള്ളും തോണികള്‍...

ഇടവിടര്‍ത്തിയ ചില്ലകള്‍ താഴ്ത്തി
കുരുവികള്‍ക്ക്‌ മറയിടും ചെറുമരങ്ങള്‍.

കുടയുടെ പാതിനിഴലില്‍
വെയിലിന്‍ വിരലിഴയും
വെണ്ണക്കല്ലുകള്‍.

ജലക്രീഡ തിമര്‍ക്കുന്ന
മണല്‍ത്തിട്ടയ്ക്കു പിന്നില്‍,
ആകാശത്തിനുനേരെ ചുണ്ടു നീട്ടുന്ന
മാളികക്കീഴില്‍,
ആര്‍ഭാടം തണുപ്പിച്ച തുട്ടുകള്‍ക്ക്‌
പഴച്ചാറു വിളമ്പുന്നവരുടെ പതിഞ്ഞ നോട്ടം...
കപ്പലണ്ടിമണികളുടെ ചൂട്‌
പൊതിഞ്ഞൊതുക്കുന്ന വേഗത...
വിട്ടെറിഞ്ഞ നാളുകളിലെ
തൊട്ടാലലിയുന്ന മധുരം
നിറമുള്ള പഞ്ഞിയില്‍
ചുറ്റിയെടുക്കുന്ന മര്‍മ്മരം...

വരണ്ട വേനല്‍ച്ചിരിയിലെ
പരിഹാസപ്പൊടി അവഗണിച്ച്‌,
നരകച്ചൂടേറ്റ്‌ പഴുത്ത ഈത്തപ്പഴം പോലെ
ജീവിതം പാകപ്പെടുകയാണ്‌.

ഒഴുക്കുകള്‍ കൈവിട്ട്‌,
മലര്‍ത്തിവച്ച ഒറ്റക്കണ്ണില്‍
സ്വപ്നത്തിന്‍ പൂഴിത്തരികള്‍ കൂട്ടിവച്ച
കക്കത്തോടുകള്‍
ഈ തീരത്തിനും സ്വന്തം.

Saturday, July 19, 2008

ബാക്കിപത്രം

കാശിത്തുമ്പയുടെ
തെറിച്ചുവീണ വിത്തുപോലെ
ഒറ്റപ്പെട്ടുപോയവള്‍..
കീഴാര്‍നെല്ലിയുടെ മണികളില്‍
തൂങ്ങിനടന്ന്‌, തെന്നിവീഴുന്ന
ഉറുമ്പിന്ന്‌ കൂട്ടിരിയ്ക്കുന്നു...
ഓര്‍മ്മയുടെ കളിയിടങ്ങള്‍.

തേക്കുപാട്ടിന്റെ പടവില്‍
വെള്ളിക്കൊലുസ്‌ നനച്ച്‌,
വെള്ളാരങ്കല്ലിന്‍ നിറം കോര്‍ത്തെടുത്ത്‌,
ഏറ്റുപാടാന്‍ കൊതിച്ച
കുയില്‍പ്പാട്ടിന്‍ പ്രതിധ്വനി
തൊണ്ടയില്‍ക്കുരുങ്ങുമായിരുന്നു.

പേരറിയാപ്പൂക്കളുടെ സുഗന്ധം
ഉന്മത്തനാക്കിയ കാറ്റിനെത്തൊട്ട്‌,
ഇതളുലയ്ക്കാതെ പൂവിനെ ചുംബിയ്ക്കുന്ന
സൂചിമുഖിയുടെ ചടുലത കണ്ട്‌,
മഴത്തുള്ളി മിനുപ്പിച്ച ഇലപ്പച്ച പൊട്ടിച്ച്‌
ചുമരെഴുതുന്ന മര്‍മ്മരത്തിലും...
ഏകാന്തതയുടെ കല്‍ച്ചീളുകള്‍
വായ്ത്തല തേച്ചിരുന്നു.

മേശവിളക്കിനു മുന്നില്‍
മിഴിയടര്‍ത്തിവച്ച അക്ഷരങ്ങള്‍
ഒഴിഞ്ഞ ചിപ്പികളാകുമായിരുന്നു.

നിറഞ്ഞ്‌, പിന്‍വലിയുന്ന
ഓളങ്ങള്‍ക്കൊടുവില്‍
ഞരമ്പിലെ പൊള്ളുന്ന ചോരയിലും
ഉപ്പ്‌ കിളിര്‍ക്കുമായിരുന്നു.

അര്‍ത്ഥം ഒഴുകിപ്പോയ വാക്കുകളായി
പിന്‍വഴികളുടെ നരച്ച നീലയില്‍
മങ്ങിയ ചില നക്ഷത്രങ്ങള്‍
ഇന്നും ബാക്കിയാവുന്നു...

Saturday, July 5, 2008

ഇരുട്ടിന്റെ സന്തതികള്‍

കുറവുകളുടെ നാനാര്‍ത്ഥങ്ങള്‍
ചൊല്ലിയുറയുന്ന ചിലമ്പും
കുടിപ്പകയുടെ വിത്തുകള്‍
വീശിയെറിയും വാള്‍ത്തലപ്പും,
ചുറ്റിലും നിഴലിളക്കുന്നുണ്ട്‌.

വാക്കില്ലാപ്പേച്ച്‌ പിടയുമുടലില്‍,
തേറ്റയാഴ്ത്തും മൃഗം..

ഞെരിച്ചുടച്ച പൂമൊട്ടിന്‌
വായ്ക്കരിയിട്ട്‌ സദ്യയുണ്ണും ഈച്ചകൂട്ടം..

മിഴിതെളിയ്കേണ്ട വെളിച്ചമെടുത്ത്‌
ശവ'ദാഹം' തീര്‍ത്ത തീക്കൊള്ളികള്‍...

നിത്യവും
സ്നേഹദളങ്ങള്‍ ചേര്‍ത്തുവച്ച്‌
വ്യാസം കൂട്ടിയെടുക്കുന്ന
സഹിഷ്ണുതയുടെ വൃത്തം മറികടന്ന്‌
വിഷപ്പല്ലുകള്‍ ഇഴഞ്ഞടുക്കുന്നു....

ഗരുഡന്‍ ഉണര്‍ന്നിരിയ്ക്കണം
ഉണര്‍ന്നുതന്നെയിരിയ്ക്കണം..