Sunday, November 30, 2008

നരകവീഥി തുടങ്ങുന്നിടം

കുരച്ച്‌ പാഞ്ഞുകയറും ലോഹച്ചീളുകൾ
അനുവാദം ചോദിക്കില്ല;
പിടച്ചിലൊതുങ്ങാത്ത ജീവൻ
നക്കിയെടുക്കുന്ന തീനാവുകളും.

തുരുമ്പിച്ച ആയുധപ്പുരയിൽ
ശേഷിയ്ക്കുന്ന കരളുറപ്പിലേയ്ക്ക്‌,
വായ്‌യ്ക്കൊതുങ്ങും വിധം
ചതച്ചെടുത്ത വാദങ്ങൾ
അഖണ്ഡതാവാക്യങ്ങളായി
മുറുക്കിത്തുപ്പുന്നോർ...

കണ്ണ്‌ ചോപ്പിച്ചും നനച്ചും
പുറത്തിറങ്ങും ഉറപ്പുകൾ,
സോദരസ്നേഹം കഷായംവച്ചുകുടിച്ച
ചുളിവീഴാത്ത കീശകളിൽ ഭദ്രം.

വെന്തൊടുങ്ങിയതിൻ ബാക്കി
വ്രണമായൊഴുകുമ്പോഴും,
വിഷചഷകം നിറച്ചുകൊടുത്ത കുറക്കന്‌
സുഖശയനഭംഗമരുതല്ലൊ.

................

ഇടവഴിയുടെ ഓരോ വളവിലും
ഭ്രാന്തൻ നായ്ക്കളുണ്ടാകാം.
ഇരുതലമൂർച്ച കയ്യിൽ കരുതണം.
തനിയ്ക്കു താൻ കാവലാവണം.
സ്ഫുടം ചെയ്ത മനസ്സിനെ
ഭയത്തിന്റെ പുകമറകൾ തീണ്ടില്ലൊരിയ്ക്കലും.

Saturday, November 22, 2008

മുഖാമുഖം

കൂട്ടിക്കൊണ്ടുപോകണമത്രെ..!!!

പ്രിയനോടും കുഞ്ഞുങ്ങളോടും
ഒന്നു പറയാനിടയില്ലാതെ,
മടക്കം എന്ന്‌; എങ്ങനെ,യെന്നൊന്നുമറിയാതെ,
ഒരു നേരം എല്ലാമിട്ടെറിഞ്ഞ്‌
പോകുന്നതെങ്ങനെ..?

വെളിച്ചമുണരാത്ത പുലരിയിൽ
ഓഫീസിലേയ്ക്ക്‌ ധൃതിവയ്ക്കുമ്പോഴാണ്‌
ഓടിക്കിതച്ചിട്ടും, തണുപ്പിറ്റുന്ന കൈ
തൊട്ടുവിളിച്ചത്‌.

വിറയലൊതുക്കും സങ്കടം കണ്ടാവാം
ഇനിയും കാത്തിരുന്നോളാമെന്ന്‌
പിന്തിരിഞ്ഞതും,
പൊട്ടിവീണ ചില്ലുകൾ
എന്നെ പോറാതെ ആശ്വസിപ്പിച്ചതും.

മൂകഭാഷ്യത്തിൻ സൗമ്യത നേരിൽക്കണ്ട്‌
തകർന്ന വാതിൽ തുറന്നിറങ്ങി ഞാൻ.

**************************

Tuesday, November 18, 2008

രാഗരസം

ഹൃദയത്തിൻ ദ്രുതതാളങ്ങളേറ്റ്‌
പുറംതോട്‌ പൊട്ടിയ മൗനം
മനസ്സിന്റെ മൺകുടത്തിൽ
തേനായൊഴുകി നിറഞ്ഞു..

ഓരോ സൂക്ഷ്മബിന്ദുവും
ഏറ്റുവാങ്ങലിൻ
മൃദുസ്പർശമറിഞ്ഞു.

നിമിഷത്തിൻ പടവുകളിൽ..
കൺപീലി വിടർത്തിയ
കുസുമരേണുക്കളിൽ,
ഉന്നിദ്രമായ ദലരാജിയിൽ,
ശലഭത്തിൻ നടനവേഗങ്ങൾ..
പുന്നെൽനിറം ചേർന്ന
വെയിലൊതുക്കി
തുളുമ്പും പ്രണയമെഴുതി..

രാഗലത തളിർത്തതും
കൽഹാരം വിടർന്നതും
ആ വരികളിലായിരുന്നു.
********************

Wednesday, November 12, 2008

വാസന്തം

(ഗാനം പോലെ.. ഒന്ന്‌.)

ചെമ്പനിനീരിന്‍ ചൊടിയിതളില്‍...
തുഷാരമുതിരും നേരം..
ശലഭവുമറിയാതഴകിന്‍ പൂമ്പൊടി-
യെഴുതും മധുമയ കാവ്യം.

തൊട്ടു പറക്കും കാറ്റിന്‍ കൈക-
ളിലൊഴുകുകയായി സുഗന്ധം
എന്റെ മനോരഥ വീഥിയിലെങ്ങും
വിടരും രാഗവസന്തം..നിന്നിലെ
പ്രേമ രസാമൃത ഭാവം..
(ചെമ്പനിനീരിന്‍....)

സന്ധ്യാമേഘം മണലില്‍ കുങ്കുമ-
വര്‍‌ണ്ണം വിതറാന്‍ വന്നൂ..
ചിപ്പിക്കുള്ളിലെ മോഹത്തിന്‍ തരി
മുത്തായ്‌ മാറും പോലേ...ഞാന്‍
എന്നിലെ നിന്നെയറിഞ്ഞൂ..
(ചെമ്പനിനീരിന്‍....)

Wednesday, November 5, 2008

ഗുരുപവനപുരപതേ...


ഹരിചന്ദനമണിയും തവ
തിരുവുടലെന്‍ കണ്ണില്‍
കരുണാമൃത സുഖമേകണെ
ഗുരുവായുപുരേശാ..

മുകിലൊത്തൊരു മുടിയില്‍, ചെറു-
പീലിക്കതിര്‍ ചൂടി
അഴകില്‍ കുളിരളകങ്ങളി-
ലിളകും മണി ചാര്‍ത്തി.

വിടരും മുഖകമലം, ചൊടി-
യിതളില്‍ നവനീതം
വനമാലയിലുണരും നറു
മലരാം ശ്രീവല്‍സം.
(വനമാലകള്‍ തഴുകും തിരു-
മറുകാം ശ്രീവല്‍സം..)

മഞ്ഞപ്പട്ടുലയും തവ
നടനം തുടരേണം
ഹൃദയങ്ങളിലുണരേണം
ശുഭ ശിഞ്ജിതമെന്നും..

പദപങ്കജമണയാനെന്‍
മനതാരുഴലുന്നു
കനിവോടെന്നഴലാറ്റണെ-
വൈകുണ്ഠപുരേശാ...

*****************

ഇത്‌ ഗാനരൂപത്തിൽ ശ്രീ. പണിക്കർ മാഷുടെ ശ്രീമതി പാടി പോസ്റ്റ്‌ ചെയ്തിട്ടുള്ളത്‌ ഇവിടെ കേൾക്കാം.
രണ്ടുപേരുടേയും നല്ലമനസ്സിന് എന്റെ പ്രണാമം.

ഇങ്ങനെ ഭക്തിഗാനസദൃശമായ കുറച്ചു വരികൾ എഴുതാൻ പ്രേരിപ്പിച്ച ശ്രീ.അപ്പുവിനും, അത്‌ പണിക്കർമാഷിനയച്ചു കൊടുക്കാൻ നിർദ്ദേശിച്ച ഗീതേച്ചിയ്ക്കും....എന്റെ സന്തോഷവും സ്നേഹവും...

Saturday, November 1, 2008

ഭാഗധേയം

വലിഞ്ഞുരയും ചങ്ങലക്കണ്ണികൾ
നെഞ്ചുനോവിച്ച മണ്ണിലേക്ക്‌;
'നമ്മൾ'എന്ന വാക്കിനെ പിളർന്ന
കുറ്റികൾ കോർത്ത കയറിലേയ്ക്ക്‌..
ആർക്കെന്ന്‌ വിധിപറയാത്ത
വിറങ്ങലിച്ച മാവിലകൾ വീണുകൂടാ..

തുലാവർഷം, കൊമ്പൊന്ന്‌ കൊണ്ടുപോയതും
പള്ളയിലൊരു പോതുണ്ടായതും
അറക്കവാളിൻ വിലപേശലിൽ
കുറ്റമായി എണ്ണാതെ വരില്ല.
ആശ്വാസവാക്കുകളൊന്നും
ആരിലുമിതുവരെ തളിർത്തില്ല.

തൊട്ടുനിൽക്കും സർവേക്കല്ലിൽ
ആയകാലം തൊട്ട്‌ ചതയ്ക്കപ്പെട്ട മാങ്ങകൾ,
ഊഞ്ഞാൽക്കയർ തൊലിയുരിച്ച കൊമ്പുകൾ,
ആണിയാഴ്ത്തിയെഴുതിയ പേരുകൾ...
മാവും പറഞ്ഞില്ല.

പടർന്ന ഇത്തിൾക്കണ്ണികൾ,
വാതിലിന്റെ, കട്ടിളയുടെ
കണക്കുകൾ കൂട്ടുന്നുണ്ട്‌.

അക്കങ്ങളുടെ ഭാരമേറ്റെടുത്ത്‌
വായ്ത്തല കൂട്ടും കൈകൾ..
ഏതാണാവോ...

വെട്ടുവീഴുന്ന വശമൊന്നറിയാൻ...
അവസാന ശയനം എവിടെയെന്നറിയാൻ..

മുറ്റത്ത്‌ കൂട്ടംകൂടുന്ന ശബ്ദങ്ങളെ,
കാറ്റ്‌ മായ്ച്ചുകളയുന്നല്ലോ....

Sunday, October 26, 2008

എഴുത്ത്‌

അടയാളം വച്ച നാട,
മതിലുകെട്ടിയതിനൊരുപുറത്ത്‌
എഴുതിത്തീർത്ത പേജുകൾ...
മുഷിഞ്ഞും,അറ്റം ചുരുണ്ടും..
കുരുങ്ങിക്കിടക്കുകയാണ്‌.

ഒറ്റയടിപ്പാത പോലും പകുത്തിടാത്ത
മൈതാനത്തിൻ ഗർവ്വോടെ,
വരികളൊന്നും അരിയ്ക്കാത്ത
പുത്തനേടുകളുടെ പരിഹാസം
മതിലു തുരന്നു ചെല്ലുന്നു..

പേനക്കോലുകൾ നട്ടുവയ്ക്കുന്ന
കുഴിബോംബുകളും
കൊയ്തെടുക്കുന്ന തലച്ചോറുകളും
എഴുതാപ്പുറങ്ങൾക്കറിയില്ലല്ലോ...

*********************

Saturday, October 4, 2008

കാണരുതെന്നു കരുതും..

പനയുടെ ഒറ്റക്കയ്യില്‍
വിളര്‍ത്ത ആകാശത്തെ
തുളയ്ക്കുന്ന യക്ഷിക്കൊട്ടാരം.

പതം പറയുന്ന എല്ലിലും പല്ലിലും
മണിയനീച്ചയുടെ ആരവം

ഉയര്‍ന്ന വേരുകള്‍ക്കിടയില്‍
മാറ്റിയുടുത്ത ചേല തൂക്കി
ഇഴഞ്ഞുപോകുന്ന ശീല്‍ക്കാരം

മുള്ളുകള്‍ പിണച്ച്‌
വാതിലടയ്ക്കുന്ന കടലാസുചെടി.

കാലടിയില്‍ നിന്നും
മാഞ്ഞുപോകുന്ന പിന്‍വഴി.

ചങ്കില്‍, ഉണങ്ങിയ കാറ്റിന്റെ
കൊലവിളി

പറിച്ചെടുക്കാനാവാത്ത കാലിനോട്‌
മുറുമുറുക്കുന്ന കരിയിലകള്‍.

പിരിഞ്ഞുമുറുകിയ ഒച്ച
ഇഴപൊട്ടി,
പുറത്തേയ്ക്ക്‌ തെറിച്ചപ്പോഴാവണം,
മുഖം നനച്ച്‌,
കണ്ണിലേയ്ക്ക്‌ വെളിച്ചം ഇറങ്ങിയത്‌.

Tuesday, August 19, 2008

ഉള്‍ക്കാഴ്ച

ഉണര്‍വ്വിനും ഉറക്കത്തിനും ഇടയ്ക്കുള്ള
നൂല്‍പ്പാലത്തിനു താഴെ...

പച്ചത്താഴ്‌വാരത്തിലൂടെ,
വസന്തത്തിന്‍ രക്തപുഷ്പങ്ങള്‍
അണിഞ്ഞ്‌ ഒഴുകിയ പുഴ.

ആഴങ്ങളിലേയ്ക്ക്‌ കുഴഞ്ഞുവീണിട്ടും
കൈവഴികളെ സാന്ത്വനിപ്പിച്ച്‌..
ഇരുളുകലക്കിപ്പെയ്യുന്ന
മാനത്തോടു കലമ്പി,
വെയിലുവീണു മുളച്ച നക്ഷത്രങ്ങള്‍
തെളിയിച്ചെടുക്കുന്ന പുഴ.

പാറക്കെട്ടില്‍ തല്ലിത്തെറിച്ച ജീവന്‍,
വെള്ളപ്പാച്ചലില്‍ അലിയാതെ...
ഉറഞ്ഞ തേന്‍നൂലുപോലെ...
നേര്‍രേഖ വരയ്ക്കുന്നു.

ഇരുപുറവുമുള്ള ചുഴികളില്‍ വീണുപോകാതെ,
നിഴലിച്ചുകാണുന്ന ഒറ്റയടിപ്പാതയിലൂടെ
വെളുത്ത മണല്‍ത്തിട്ടയില്‍
ആത്മാവെത്തും വരെ...
ബോധമനസ്സിന്റെ കണ്ണുകള്‍ കൂട്ടുവേണം...

സ്വപ്നത്തിന്റെ മഞ്ഞുമറയിലും,
ധ്യാനത്തിന്റെ ഇഴകളാല്‍
ഈ നൂല്‍പ്പാലം ബലപ്പെടുത്തേണ്ടതുണ്ട്‌.

Saturday, August 2, 2008

ജന്മാന്തരം

വേനല്‍ തിന്നൊതുക്കി
ശൂന്യമായിരുന്ന ഇടങ്ങളില്‍,
തുമ്പക്കുടങ്ങളുണരുന്നുണ്ട്‌..
ചുവന്ന പട്ടുംചുറ്റി
തുമ്പികള്‍ മൂളുന്നുണ്ട്‌..
കൂമ്പാളയിലൊതുക്കി വച്ച
പൂക്കുലമണം ഉതിരുന്നുണ്ട്‌...

വേരുണങ്ങിയ വഴികളില്‍
വീണുമാഞ്ഞ ശബ്ദങ്ങളില്‍ തങ്ങാതെ,
പകലിരവുകളുടെ കടത്തും കടന്ന്‌,
ജീവിതദൂരങ്ങള്‍ പിന്നിട്ട്‌ വന്ന്‌,
ഒരു പൂവിളിയുടെ ഈണം
എന്നില്‍ ചേര്‍ത്തുവച്ച്‌..
നെറുകയില്‍ പെയ്യും ഓണനിലാവിനെ
കൈക്കുമ്പിളില്‍ ഒതുക്കുന്നതെങ്ങനെ...?

കൈവിരല്‍ വിടുവിച്ച്‌
ഓടിപ്പോകും കുസൃതിയോ..
ഒളിച്ചിരുന്ന്‌ കൊതിപ്പിച്ച്‌
മനസ്സില്‍ നുള്ളുന്ന ചങ്ങാതിയോ..
കാണാമറയത്ത്‌ തേന്‍കൂടൊരുക്കി
കാത്തുവച്ച കളിക്കൂട്ടോ..
നെഞ്ചിന്റെ പിടച്ചില്‍
ഉള്ളംകയ്യിലൊതുക്കി
മിഴി ചിതറാതെ
യാത്രയാക്കും കൂടപ്പിറപ്പോ...

വിരല്‍തൊടാതെ,
അകക്കാമ്പിന്‍ തന്ത്രികളെ
ഉണര്‍ത്തിനിര്‍ത്തുന്ന സാന്നിദ്ധ്യത്തെ
മുഖമൊന്നില്‍ പകര്‍ത്തുന്നതെങ്ങനെ ?
ഒന്നുമാത്രമറിയാം;
എല്ലാ മുഖങ്ങളിലും...
നിന്റെ കണ്ണുകളാണ്‌.

Wednesday, July 30, 2008

കടപ്പുറത്തിന്റെ ചമയങ്ങള്‍

തിരയുടെ വെട്ടിത്തിളങ്ങുന്ന വടിവുകളില്‍
അഴിഞ്ഞുവീഴും നുരയില്‍പ്പുതഞ്ഞ്‌
കളംകൊള്ളും തോണികള്‍...

ഇടവിടര്‍ത്തിയ ചില്ലകള്‍ താഴ്ത്തി
കുരുവികള്‍ക്ക്‌ മറയിടും ചെറുമരങ്ങള്‍.

കുടയുടെ പാതിനിഴലില്‍
വെയിലിന്‍ വിരലിഴയും
വെണ്ണക്കല്ലുകള്‍.

ജലക്രീഡ തിമര്‍ക്കുന്ന
മണല്‍ത്തിട്ടയ്ക്കു പിന്നില്‍,
ആകാശത്തിനുനേരെ ചുണ്ടു നീട്ടുന്ന
മാളികക്കീഴില്‍,
ആര്‍ഭാടം തണുപ്പിച്ച തുട്ടുകള്‍ക്ക്‌
പഴച്ചാറു വിളമ്പുന്നവരുടെ പതിഞ്ഞ നോട്ടം...
കപ്പലണ്ടിമണികളുടെ ചൂട്‌
പൊതിഞ്ഞൊതുക്കുന്ന വേഗത...
വിട്ടെറിഞ്ഞ നാളുകളിലെ
തൊട്ടാലലിയുന്ന മധുരം
നിറമുള്ള പഞ്ഞിയില്‍
ചുറ്റിയെടുക്കുന്ന മര്‍മ്മരം...

വരണ്ട വേനല്‍ച്ചിരിയിലെ
പരിഹാസപ്പൊടി അവഗണിച്ച്‌,
നരകച്ചൂടേറ്റ്‌ പഴുത്ത ഈത്തപ്പഴം പോലെ
ജീവിതം പാകപ്പെടുകയാണ്‌.

ഒഴുക്കുകള്‍ കൈവിട്ട്‌,
മലര്‍ത്തിവച്ച ഒറ്റക്കണ്ണില്‍
സ്വപ്നത്തിന്‍ പൂഴിത്തരികള്‍ കൂട്ടിവച്ച
കക്കത്തോടുകള്‍
ഈ തീരത്തിനും സ്വന്തം.

Saturday, July 19, 2008

ബാക്കിപത്രം

കാശിത്തുമ്പയുടെ
തെറിച്ചുവീണ വിത്തുപോലെ
ഒറ്റപ്പെട്ടുപോയവള്‍..
കീഴാര്‍നെല്ലിയുടെ മണികളില്‍
തൂങ്ങിനടന്ന്‌, തെന്നിവീഴുന്ന
ഉറുമ്പിന്ന്‌ കൂട്ടിരിയ്ക്കുന്നു...
ഓര്‍മ്മയുടെ കളിയിടങ്ങള്‍.

തേക്കുപാട്ടിന്റെ പടവില്‍
വെള്ളിക്കൊലുസ്‌ നനച്ച്‌,
വെള്ളാരങ്കല്ലിന്‍ നിറം കോര്‍ത്തെടുത്ത്‌,
ഏറ്റുപാടാന്‍ കൊതിച്ച
കുയില്‍പ്പാട്ടിന്‍ പ്രതിധ്വനി
തൊണ്ടയില്‍ക്കുരുങ്ങുമായിരുന്നു.

പേരറിയാപ്പൂക്കളുടെ സുഗന്ധം
ഉന്മത്തനാക്കിയ കാറ്റിനെത്തൊട്ട്‌,
ഇതളുലയ്ക്കാതെ പൂവിനെ ചുംബിയ്ക്കുന്ന
സൂചിമുഖിയുടെ ചടുലത കണ്ട്‌,
മഴത്തുള്ളി മിനുപ്പിച്ച ഇലപ്പച്ച പൊട്ടിച്ച്‌
ചുമരെഴുതുന്ന മര്‍മ്മരത്തിലും...
ഏകാന്തതയുടെ കല്‍ച്ചീളുകള്‍
വായ്ത്തല തേച്ചിരുന്നു.

മേശവിളക്കിനു മുന്നില്‍
മിഴിയടര്‍ത്തിവച്ച അക്ഷരങ്ങള്‍
ഒഴിഞ്ഞ ചിപ്പികളാകുമായിരുന്നു.

നിറഞ്ഞ്‌, പിന്‍വലിയുന്ന
ഓളങ്ങള്‍ക്കൊടുവില്‍
ഞരമ്പിലെ പൊള്ളുന്ന ചോരയിലും
ഉപ്പ്‌ കിളിര്‍ക്കുമായിരുന്നു.

അര്‍ത്ഥം ഒഴുകിപ്പോയ വാക്കുകളായി
പിന്‍വഴികളുടെ നരച്ച നീലയില്‍
മങ്ങിയ ചില നക്ഷത്രങ്ങള്‍
ഇന്നും ബാക്കിയാവുന്നു...

Saturday, July 5, 2008

ഇരുട്ടിന്റെ സന്തതികള്‍

കുറവുകളുടെ നാനാര്‍ത്ഥങ്ങള്‍
ചൊല്ലിയുറയുന്ന ചിലമ്പും
കുടിപ്പകയുടെ വിത്തുകള്‍
വീശിയെറിയും വാള്‍ത്തലപ്പും,
ചുറ്റിലും നിഴലിളക്കുന്നുണ്ട്‌.

വാക്കില്ലാപ്പേച്ച്‌ പിടയുമുടലില്‍,
തേറ്റയാഴ്ത്തും മൃഗം..

ഞെരിച്ചുടച്ച പൂമൊട്ടിന്‌
വായ്ക്കരിയിട്ട്‌ സദ്യയുണ്ണും ഈച്ചകൂട്ടം..

മിഴിതെളിയ്കേണ്ട വെളിച്ചമെടുത്ത്‌
ശവ'ദാഹം' തീര്‍ത്ത തീക്കൊള്ളികള്‍...

നിത്യവും
സ്നേഹദളങ്ങള്‍ ചേര്‍ത്തുവച്ച്‌
വ്യാസം കൂട്ടിയെടുക്കുന്ന
സഹിഷ്ണുതയുടെ വൃത്തം മറികടന്ന്‌
വിഷപ്പല്ലുകള്‍ ഇഴഞ്ഞടുക്കുന്നു....

ഗരുഡന്‍ ഉണര്‍ന്നിരിയ്ക്കണം
ഉണര്‍ന്നുതന്നെയിരിയ്ക്കണം..

Sunday, June 22, 2008

എപ്പോഴെങ്കിലും..

പൂവാകച്ചോട്ടില്‍,
ഒരുപിടി വിറക്‌
ചാരിവച്ചപോലെയാണിരിപ്പ്‌...
അരയില്‍ കെട്ടിയുറപ്പിച്ച തുണി,
പല തുണ്ടമായ്‌ അലങ്കരിച്ച്‌
മുഴുക്കൈ, പാതി പറിച്ചെടുത്ത-
തോലോടൊട്ടിയ കുപ്പായത്തിനുള്ളില്‍,
ഒന്നും മിണ്ടാതെ,
ഓരോ ഇലയനക്കത്തിലും
കണ്ണെറിഞ്ഞങ്ങനെ...

പൊരിവെയിലില്‍ കുന്തിച്ചിരുന്ന്‌
പൂഴി, വാരിവാരി വായിലിടും;
കൂക്കി വിളിയോടും കല്ലേറിനോടും
ഉമിനീരൊഴുക്കി ചിരിയ്ക്കും.

സഹതാപം തേച്ച തുട്ടുകളില്‍
കണ്ണു വീഴാതെ, കൈതൊടാതെ..
ദാനം കിട്ടും വറ്റില്‍പ്പാതി-
കാക്കയ്ക്കും കിളിക്കും വീതിയ്ക്കും;

ഒരു കീറച്ചാക്കില്‍,
മുഷിഞ്ഞ ജീവിതം
പൊതിഞ്ഞെടുക്കുവോളവും,
കണ്ണുകളില്‍
മങ്ങാത്ത വെളുപ്പ്‌
സൂക്ഷിച്ചിരുന്ന ഒരുവനെ...
നിങ്ങളും കണ്ടിട്ടുണ്ടാവും

Monday, June 16, 2008

പറയാതെ കേള്‍ക്കുന്നത്‌

ഒഴുകുന്ന വിയര്‍പ്പില്‍
പെയ്തലിഞ്ഞ വെയില്‍
പൊടിയുയര്‍ത്തി വീശി
നിശ്വാസത്തിലൊതുങ്ങുന്ന കാറ്റ്‌.
റൊട്ടിത്തുണ്ടിനു മുന്നില്‍ വരളുന്ന
കടുംചായക്കോപ്പ.

കളിവാക്കായിപ്പോലും
അവധിയെ കേള്‍ക്കാത്ത,
തിട്ടമില്ലാ തിയതിയില്‍
പറ്റും പലിശയും തൊട്ടെണ്ണും
കൂലിക്കുരുക്കിലെ പിടച്ചില്‍.

സിമന്റ്‌ ചാറ്‌ നീട്ടിത്തുപ്പി
മുരളുന്ന യന്ത്രങ്ങളും,
ഭാരം വലിച്ചുപൊക്കും
എല്ലിന്‍ കൂടുകളും,
ഉറുദുവും ബംഗാളിയും,
തെലുങ്കും നേപ്പാളിയും
കൂട്ടിത്തുന്നിയ മരവിച്ച ദിവസങ്ങള്‍.

മുങ്ങിത്താഴും സൂര്യനാളം പൊക്കി
ഇരവിന്നു വെള്ള പൂശി,
ഒഴുകുന്ന പൊന്നില്‍ കിളിര്‍ത്ത
തലപ്പു കാണാ ഗോപുരങ്ങള്‍ മേയുമ്പോഴും...

സ്നേഹം തൊട്ടൊരുക്കിയവളെ
ബാലവാടിച്ചുമരിന്റെ തേങ്ങലില്‍
കൈവിടുവിച്ച്‌ പോരും
അമ്മയ്ക്കൊപ്പം...

ചോരാത്ത കൂരയൊരുക്കി,
വിശപ്പിന്‍ നിഴല്‍ മായ്ച്ച്‌,
ഉള്‍ച്ചൂടൊതുക്കുന്ന
ആശ്വാസവാക്കായി...

ആര്‍ത്തുനില്‍ക്കും വേലിപ്പച്ചയില്‍
എടവപ്പാതിയുടെ ഊക്കോടെ
പെയ്തു വീഴുന്നു...
അച്ഛന്റെ മനസ്സ്‌.

Monday, June 2, 2008

ബ്ലോഗ് കരിവാരത്തില്‍ പങ്കുചേരുന്നു...

ഇഞ്ചിപ്പെണ്ണ്‌ എന്ന ബ്ലോഗര്‍ക്കെതിരെ കേരള്‍സ്.കോം അപമാനകരമായി പെരുമാറിയതില്‍ ഞാന്‍ പ്രതിഷേധമറിയിയ്ക്കുന്നു.
ഈ അതിക്രമത്തിനെതിരെയുള്ള ഒത്തുചേരലുകള്‍ക്ക്‌ പിന്തുണ നല്‍കുന്നു.
ആവര്‍ത്തനം

ക്ഷമയുടെ അതിരുകള്‍
പുറംതോടിലെത്തി നിന്നാല്‍,
ഉറച്ച മനസ്സിനെപ്പോലും
ഉരുക്കിയൊഴുക്കുന്ന
അഗ്നിമുഖങ്ങള്‍
പുകഞ്ഞ്‌ ഉണരും...

തിളയ്ക്കുന്ന ലാവ
മാനത്തിന്റെ വരമ്പുകള്‍
കാണാതെ നോക്കാന്‍
ആദ്യം ഉള്ളിലിട്ടൊതുക്കും..
ഒടുക്കം കണ്ണു പൊള്ളിക്കും.

ഒഴുക്കു നിലച്ച്‌
തണുത്തുറയുമ്പോള്‍,
ലവണസമ്പത്ത്‌ തിരയുന്നവര്‍
വെന്തുപോയ ദേഹമോ
നീറുന്ന ദേഹിയോ
നോക്കാറില്ല.

അവര്‍ക്കായി,
കവിളില്‍ ചാലുകീറാതിരിയ്ക്കാന്‍
ഒരിയ്ക്കല്‍പ്പോലും
ഭൂമിയ്ക്കാവുന്നുമില്ല.

Sunday, May 11, 2008

അത്താണി

വളഞ്ഞ മുതുകുകള്‍ നിവര്‍ന്നതും
കാല്‍വിരല്‍വട്ടത്തില്‍
ഒതുങ്ങുന്ന കാഴ്ച
മാനം മുട്ടി നിന്നതും
മൂവന്തിച്ചോപ്പ്‌
അണികളായ്‌ കുതിച്ചതും
ഭാരം ഏറ്റെടുക്കും
നെഞ്ചിന്റെ ബലത്തില്‍ മാത്രം.

പുകച്ചുരുള്‍ നനച്ച്‌
എറിഞ്ഞുടച്ച ചില്ലുകള്‍
മൂര്‍ച്ച ഒളിച്ചിരിയ്ക്കും ചാക്കുകള്‍
ഈച്ചയാര്‍ക്കും ചോരത്തുണികള്‍
തുപ്പലുണങ്ങിയ കരിയിലകള്‍..
പുതുമകളുടെ കാവല്‍ക്കാര്‍ നല്‍കിയ
അലങ്കാരക്കൂട്ടുകളില്‍..
തേഞ്ഞുപോകുന്ന കാരുണ്യം..

വൃദ്ധസദനങ്ങളില്‍
ചുമര്‍ച്ചായം നനയ്ക്കും മനസ്സിലേയ്ക്കും..
വിറയ്ക്കും ഊന്നുവടിയിലേയ്ക്കും..
ഇന്നിന്റെ വികലാക്ഷരങ്ങള്‍
മൊഴിമാറ്റം നടത്തുമ്പോള്‍
കൈത്താങ്ങു നല്‍കാന്‍

അനുഭവങ്ങളുടെ തഴമ്പു വീണ
സഹനശിലകളില്‍..
കനിവു ബാക്കി കാണുമോ..

**********************

Thursday, April 17, 2008

മനസ്സ്‌ മാത്രം സാക്ഷി

ചേറണിക്കൈകള്‍ വിതച്ച പുളകങ്ങള്‍
വാരിപ്പുതച്ചു മുള നീട്ടി കുതുകങ്ങള്‍..

തൊട്ടുതൊട്ടില്ലെന്നു പച്ചപ്പരപ്പില്‍
ഞൊറിയിട്ടു കുളിരാര്‍ന്ന കാറ്റിന്‍ കരങ്ങള്‍..

പുലരി മുകുളങ്ങള്‍ വിടര്‍ത്തി ദിവസങ്ങള്‍
സാന്ധ്യസിന്ദൂരം പടര്‍ത്തി കുസുമങ്ങള്‍...

കിന്നരിക്കസവിന്‍ പരാഗം മറഞ്ഞെന്റെ-
നെഞ്ചിലെത്താളത്തിലാടുന്നു മണികള്‍..

നെന്മണിക്കതിരിന്നു പൊന്നാട ചാര്‍ത്തീ-
മാനത്തുണര്‍ന്ന പൊന്‍കതിരിന്റെ കൈകള്‍

കൊയ്തെടുത്തില്ലം നിറയ്ക്കും കളങ്ങളില്‍
കണ്ണുചിമ്മാത്തവര്‍ മണ്ണിന്റെ മക്കള്‍..

ആര്‍ത്തലയ്ക്കും മഴക്കോളിന്നിരമ്പം
ചിതറുന്ന ചിന്തയില്‍ തീമാരി വീഴ്ത്തീ..

വഴിവിട്ടു മേയുന്ന കെടുതികള്‍ വീണ്ടുമീ
കുരുതിക്കളത്തില്‍ മുഖക്കോപ്പു കെട്ടീ..

പ്രളയമായ്‌ വേനലില്‍ വന്നു വിളവെല്ലാം
കാര്‍ന്നെടുത്തുണ്ടു കാര്‍മേഘക്കിരാതന്‍..

അലയടിച്ചെത്തുന്നു തേങ്ങലെന്‍ കാതില്‍
പിടയുന്നു പട്ടിണിക്കയറില്‍ കിടാങ്ങള്‍..

ജീവിതപ്പെരുവഴിയിലഴലിന്നിരുട്ടില്‍-
കടമായി മാറുന്നു കണ്ണീരു കൂടി

വാതില്‍ക്കലെത്തി കണി വയ്ക്കുന്ന കൊന്നയ്ക്കു-
കൈനീട്ടമൊന്നെന്റെയാത്മാവു മാത്രം..

Thursday, April 3, 2008

കുന്നിമണികള്‍

കടും നിറങ്ങളുടെ
സമ്മേളനമാണ്‌
ക്യാന്‍വാസിലെന്നും.

ബ്രഷിന്റെ അരികുകള്‍
മറന്നുവച്ച ആകാശത്ത്‌,
ഉപ്പുവെള്ളത്തുള്ളികള്‍
പതിച്ച നക്ഷത്രങ്ങള്‍.

കാണാതെ പോയ ഇതളുകള്‍
പറയാതിരുന്ന വാക്കുകള്‍
കരുതലില്ലാതെ, കത്തിച്ച താളുകള്‍
മൂടിമാറ്റി ദംഷ്ട്ര കാട്ടും മുഖങ്ങള്‍
എല്ലാമൊന്നായി വാരിത്തേച്ച
ചായങ്ങളില്‍ നിന്നും..
കാലുകള്‍ ഇറങ്ങി നടന്നിട്ടും..

ഇടവഴിയിലെ പൂഴിമണ്ണില്‍
പകുതി മറഞ്ഞ
കലങ്ങിയ കണ്ണുകളില്‍
തോറ്റു പോകുന്നു...

Monday, March 10, 2008

കാത്തിരിപ്പ്‌

അന്തിയ്ക്കു മുന്‍പെ
വീടണഞ്ഞതു ഭാഗ്യം;
വേഷം മാറ്റി,
ഉണങ്ങിയ നാവിലേയ്ക്ക്‌
കൂജയുടെ ഉമിനീരു വാര്‍ത്തു.

ഇല്ലായ്മകളെന്നും
ചവറുപോലെ മുറ്റത്തുണ്ട്‌.
കൊത്തിപ്പെറുക്കുന്ന
ആവലാതികളും.

പാത്രങ്ങള്‍ ഉണര്‍ന്നു കരഞ്ഞു,
കണ്ണീരില്‍, അരിമണികള്‍
മുങ്ങാം കുഴിയിട്ടു.

ഊതാതെ പെരുക്കുന്ന തിരക്കില്‍
പുകയുന്ന സങ്കടം കത്തിച്ചു.

പത്തുവട്ടം നോക്കീട്ടും
പ്രശ്നങ്ങള്‍ വേവാതെ ബാക്കി.

അതിരില്‍ നില്‍ക്കുന്ന
കായ്ക്കാത്ത മാവിനെ
കത്തിയ്ക്കാനെടുത്താല്‍
ഒരുപക്ഷേ..

Tuesday, February 26, 2008

പീലിചാര്‍ത്തും പുഞ്ചിരി.




കുഴലൂതും പ്രതിമകള്‍ക്കിടയില്‍,
പൊഴിയും പകലുപോലെ
തളര്‍ന്ന ശബ്ദം.

"പത്തു രൂപയ്ക്കൊരു കൃഷ്ണന്‍.."

ഒട്ടുന്ന വ്രണങ്ങള്‍
കൂടുകെട്ടിയ മുഖം,
ഉരുകുന്ന വെണ്ണനിറമുള്ള
ദാവണിത്തുമ്പാല്‍ മറച്ച്‌,
പ്രതീക്ഷാദീപം കണ്ണിലേന്തും പെണ്‍കുട്ടി.

ചാണകം അടര്‍ന്ന കോലായില്‍
കരിന്തിരി കത്തും വിളക്കും വയറും,
വായു കുറുകി വലിയ്ക്കും നെഞ്ചും
കൃഷ്ണപാദത്തില്‍ അര്‍പ്പിച്ചവള്‍ക്ക്‌,
വാടിയ സ്വപ്നത്തിന്‍
നിര്‍മ്മാല്യമല്ലാതെ
ശേഷിപ്പുകളില്ലെങ്കിലും...

വെയില്‍ പിന്‍വാങ്ങുന്ന വഴികളില്‍
ചുണ്ടില്‍ വാള്‍ത്തല തിളക്കും
കശാപ്പുകാരുടെ
ചോര മണക്കുന്ന
പങ്കു വയ്പ്പുകളില്‍ നിന്ന്‌...

നിശ്ശബ്ദയാക്കപ്പെടുന്ന ഇരയുടെ
കണ്ണു തുളച്ച്‌ തോരണം തൂക്കും
പത്രത്താളുകളുടെ
ആഘോഷങ്ങളില്‍ നിന്ന്‌...

വിണ്ടുകീറിയ ജീവിതം
മുഖത്തെഴുതി,
വിരൂപമാം കോലം ചാര്‍ത്തി,
നിന്റെ പാല്‍ക്കുടം
കാക്കുന്നുവല്ലോ.. കണ്ണന്‍.

*********************************
കൃഷ്ണനെവില്‍ക്കും കരിമഷിക്കോലങ്ങള്‍ എന്ന വരിയിലൂടെ, ഇങ്ങനെയൊരു മുഖത്തിന്റെ പ്രതിഫലനം പകര്‍ത്താന്‍ പ്രചോദനമേകിയ ശ്രീ. മനുവിനോടുള്ള കടപ്പാട്‌, വാക്കുകളിലൊതുക്കാന്‍ ശ്രമിയ്ക്കാതെ, സ്നേഹപൂര്‍‌വ്വം ബാക്കി വയ്ക്കുന്നു...

Thursday, February 21, 2008

നാലുമണിപ്പൂവ്‌

പൊലിയുന്ന പകലിന്റെ പൊലിമയ്ക്കു തിലകമായ്‌
വിടരുന്നു നിത്യമീപ്പൂക്കള്‍..
അടയുന്ന സൂര്യന്റെ മിഴികളില്‍ ജീവസാ-
ന്നിധ്യം പടര്‍ത്തുന്നു നിങ്ങള്‍..

നീഹാരമണിയുന്ന പുലരിയ്ക്കു പുണ്യമായ്‌,
നീരജാനാഥനായെന്നും
മദ്ധ്യാഹ്ന സന്ധ്യയിലുഗ്രപ്രതാപിയായ്‌
രഥമേറുമാദിത്യ ദേവന്‍..

ഇപ്പൊഴീ വാസന്ത സായാഹ്ന സീമയില്‍
വിടചൊല്ലിയകലുന്ന നേരം
നാളത്തെ ചമയത്തിനൊരു നുള്ളു കുങ്കുമം
ഏല്‍പ്പിച്ചു വെച്ചുവോ നിന്നില്‍..

ഇപ്പകല്‍ ചാര്‍ത്തിന്റെ നിറവെഴും പച്ചപ്പി-
ലുള്‍ക്കുളിര്‍ തൂകുമീ വര്‍ണ്ണം
രാഗപരാഗം പരത്തുന്നു ചുറ്റിലും
ഇത്തിരിപ്പൂവിന്‍ വസന്തം...
******************************

Thursday, February 7, 2008

കാണാക്കാഴ്ചകള്‍

കണ്ണുകളെ ആദ്യമായി
ചില്ലുകൂട്ടിലിരുത്തിയപ്പോള്‍
തെളിച്ചത്തിന്റെ
അതിപ്രസരം

ഓരോ നോട്ടത്തിനും
കയറഴിഞ്ഞുപോയ
പശുക്കിടാവിന്റെ ഉത്സാഹം.

പക്ഷേ...

കൈ കൂപ്പുന്ന
തൊട്ടാവാടിയുടെ ഭവ്യതയില്‍
മറഞ്ഞിരിയ്ക്കുന്ന മുള്ളുകള്‍..

വെളുത്ത ചിരികളില്‍,
ഒളിഞ്ഞുനോക്കുന്ന
പുഴുക്കുത്ത്‌.

മേശപ്പുറത്ത്‌,
കാലം ചെയ്ത
അച്ചടക്കത്തിന്റെ
സൂക്ഷിപ്പുകളില്‍....

വെട്ടിമാറ്റലിന്റെ
ചുകപ്പണിഞ്ഞവര്‍..
കടുപ്പിച്ച കറുപ്പില്‍
പകരക്കാര്‍
മുക്കി കൊന്നവര്‍.
വെള്ളപൂശി മറച്ച
സത്യത്തിന്‍ നിഴല്‍പ്പാടുകള്‍

പകര്‍ത്തെഴുത്തുകള്‍ വരുത്തിയ
അംഗഭംഗങ്ങള്‍..
അര്‍ത്ഥഭേദങ്ങള്‍..

കണ്ണടയഴിച്ചാലും
മനസ്സിന്റെ കണ്ണില്‍ നിന്നും
ഈ വിഷം തീണ്ടിയ കാഴ്ചകളെ
മായ്ച്ചു കളയാന്‍ ആവുന്നില്ലല്ലോ..

Thursday, January 17, 2008

പെയ്തൊഴിയാതെ..

പുറത്ത്‌ മഴ
മനസ്സിലും.

പൊടിമണ്ണില്‍
ജലസൂചി ആഴ്ത്തുന്ന
ഈന്തപ്പന.

ഉള്ളു പഴുത്തു കിടക്കുമ്പോള്‍
ആദ്യത്തെ തുള്ളികളെ
ഊറ്റത്തോടെ
ആവിയാക്കാനാവും.

കനം കൂടുന്തോറും
മണ്‍തരികളെ തെറിപ്പിച്ച്‌
തൊലിയുരിഞ്ഞുപോയ എല്ലുകളില്‍
താളമിടുന്നവയെ
അടക്കാനുള്ള പാഴ്‌ശ്രമം.

നന്ത്യാര്‍വട്ടം ഉലഞ്ഞു...

നെറുക പൊളിക്കും തുള്ളിക്ക്‌
തട പിടിച്ചിരുന്ന വിരലുകള്‍
തകര്‍ന്നിട്ടുണ്ടാവും;
ഉണങ്ങുന്തോറും മലരുന്ന
മുറിവുമായി
വെണ്ണ തിരയുകയാവും.
സഹനത്തിന്റെ തീത്തുമ്പുകള്‍
വഴികാട്ടികളാവില്ലല്ലോ.

പുല്‍നാമ്പില്‍ പിടിച്ചു കയറുന്ന
പ്രതീക്ഷകളെ
എറിഞ്ഞു വീഴ്ത്തുന്ന മഴ.

വിളര്‍ത്ത ചിരി ബാക്കി നിര്‍ത്തി,
കിണറ്റുവക്കിലെ വെള്ളിലത്തില്‍
മത്താപ്പു കത്തിച്ച പൂക്കള്‍
ആഴങ്ങളിലേയ്ക്കു പോയി.
പച്ചനിറമുള്ള ഓര്‍മകള്‍..
താളിയ്ക്കായി
ഒടിച്ചെടുത്തിരുന്നു.

കണ്ണിലെ ഓവുചാല്‍
കുത്തൊഴുക്കില്ലാതെ
തുറക്കാനായെങ്കില്‍...

Wednesday, January 9, 2008

അപ്സരസ്സ്‌

പതിച്ചു കിട്ടിയ
ആജ്ഞ നിറവേറ്റാന്‍
ആവനാഴി നിറച്ചു.

പോകേണ്ട വഴികളും
വഴിവിട്ട പ്രയോഗങ്ങളും
തന്ത്രങ്ങള്‍ മെനഞ്ഞവര്‍
പറഞ്ഞു പഠിപ്പിച്ചു.

സ്വയം ഹോമിച്ചും
നേടേണ്ടവയാണ്‌ മുന്നില്‍..

മത്തു പിടിച്ചവരുടെ
ഭ്രാന്തന്‍ മോഹങ്ങള്‍
നെഞ്ചില്‍ തീപടര്‍ത്തുന്നു...

യന്ത്രപ്പാവയ്ക്ക്‌
പാപ പുണ്യങ്ങളുടെ കണക്കെടുപ്പില്ല.

ഒരു പ്രതിധ്വനി മതി
വീണുടയാന്‍.

തോഴിമാരുടെ കരവിരുത്‌
മേനിയഴകിനെ മിനുക്കി.
തീയമ്പുകള്‍ കച്ചയിലൊളിച്ചു.
ഉത്തരീയച്ചുറ്റില്‍ കുടമുല്ല വിരിഞ്ഞു.


മുനിയുടെ മൗനം ഒഴിയുമ്പോള്‍..
കണ്ണിലെ താപം പന്തമെറിയാം,
പാഞ്ഞെത്തും ശാപ വാക്കുകളില്‍..
ചാവേറിന്റെ ആത്മാവ്‌
പൊട്ടിത്തെറിക്കാം.

പതറുന്ന മനസ്സില്‍
കുത്തുന്ന കണ്ണീര്‍ച്ചില്ലുകള്‍

മുടക്കിയ തപസ്സുകള്‍
ഒടുക്കിയ സാമ്രാജ്യങ്ങള്‍..

പെറ്റിട്ട കുഞ്ഞിനെ വിട്ട്‌
പറക്കേണ്ടി വന്ന നിമിഷങ്ങള്‍...
ആശിയ്ക്കാനാവാത്ത സൗഭാഗ്യങ്ങളുടെ നിഴലില്‍
ശ്വാസം നിന്നു പോകുന്നു.


ഇന്നലെകള്‍ ഇരുട്ടിട്ടു മൂടി,
കല്‍പ്പിക്കുന്നവന്റെ കാല്‍ കഴുകാന്‍,
മോഹിക്കുന്നവന്ന്‌ വിരുന്നൊരുക്കാന്‍
അടിയറവച്ച, ജന്മത്തിന്‌
വികാരങ്ങളുടെ വിലാപം
വിലക്കപ്പെട്ടതാണ്‌.

ഈ കാന്തവലയത്തിനുള്ളില്‍ നിന്ന്‌
മരണമില്ലാത്ത ആവര്‍ത്തനങ്ങളില്‍ നിന്ന്‌
എന്നാണൊരു ശാപമോക്ഷം..

എനിയ്ക്കായി ജീവിച്ച്‌
ഞാന്‍ ആയി മരിയ്ക്കാന്‍
ഒരു ദിവസം.

*************************